ആരാണ് യെദ്യൂരപ്പയുടെ ബിജെപിയിലെ ശത്രുക്കള്‍?
കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ ബിജെപിയിലെ ശത്രുക്കള്‍ ആരാണ്? എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ രാജി അഭ്യൂഹങ്ങള്‍ ഉണ്ടാകുന്നത്
ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് അധികാരത്തിന്റെ മേല്‍വിലാസം ഉണ്ടാക്കിയ ആദ്യ നേതാവാണ് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. സംസ്ഥാനത്തെ പാര്‍ട്ടിയുടെ അനിഷേധ്യ നേതാവ് എന്നതായിരുന്നു അദ്ദേഹത്തിന്റെ ഖ്യാതി. പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞ് കര്‍ണാടക ജനപക്ഷ എന്ന പാര്‍ട്ടി ഉണ്ടാക്കി സംസ്ഥാന ബിജെപിയില്‍ വിള്ളല്‍ വീഴ്ത്തിയെങ്കിലും കൂടുതല്‍ ശക്തനായാണ് അദ്ദേഹം പിന്നീട് തിരിച്ചുവന്നത്. ആ വരവില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് എച്ച്ഡി കുമാരസ്വാമിയുടെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ അട്ടിമറിക്കുക കൂടി ചെയ്തു അദ്ദേഹം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിന് യെദ്യൂരപ്പ പയറ്റിയ തന്ത്രങ്ങള്‍ ബിജെപി ദേശീയ നേതൃത്വത്തെ പോലും അമ്പരപ്പിച്ചു എന്ന വാര്‍ത്തകള്‍ അന്ന് പ്രചരിച്ചിരുന്നു.
പക്ഷെ, സംസ്ഥാന ബിജെപിയിലെ പടലപിണക്കങ്ങള്‍ ഒരു രഹസ്യമല്ല. നേതാക്കള്‍ പലരും പരസ്യമായി തന്നെ ബിഎസ് യെദ്യൂരപ്പയ്ക്കെതിരെ രംഗത്തുവന്നു. അത് കഴിഞ്ഞ കുറച്ച് കാലമായി അകത്ത് പുകഞ്ഞും പുറത്തേക്ക് ഇടയ്ക്കിടെ പൊട്ടിത്തെറിച്ചും നിലനില്ക്കുന്നു.
നരേന്ദ്രമോദിയെ പ്രധനമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന് ബിജെപി നേതാക്കളുടെ ഉയര്‍ന്ന പ്രായത്തില്‍ ഒരു വ്യവസ്ഥ വെച്ചിരുന്നു. 75 പിന്നിട്ടവരെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുക എന്നതായിരുന്നു അത്. എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിങ്ങനെ ബിജെപിയുടെ ആദ്യകാല മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കാനുള്ള ഒരുവിഭാഗത്തിന്റെ തന്ത്രമായും അതിനെ വിശേഷിപ്പിക്കുകയുണ്ടായി. ഈ പ്രായപരിധി മാനദണ്ഡം സംസ്ഥാനങ്ങളിലെ ഭരണക്രമത്തിലും പാലിക്കാന്‍ ബിജെപി പിന്നീട് ശ്രമിച്ചു. എന്നാല്‍, യെദ്യൂരപ്പയുടെ കാര്യത്തില്‍ അതുണ്ടായില്ല. 75 വയസ്സ് പിന്നിട്ട യെദ്യൂരപ്പയെ തന്നെ ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച ശേഷമുള്ള ഭരണം കയ്യാളാനും ബിജെപിക്ക് ഏല്‍പ്പിക്കേണ്ടിവന്നു. അത്ര ശക്തമായിരുന്നു കര്‍ണാടക പാര്‍ട്ടിയില്‍ യെദ്യൂരപ്പയുടെ സ്ഥാനം. സംഘടനാ ശേഷികൊണ്ടും പണം കൊണ്ടും, സാമുദായിക ബലം കൊണ്ടും യെദ്യൂരപ്പ പാര്‍ട്ടിയെ നിയന്ത്രിച്ചു. നയിച്ചു. പിടിച്ചുനിന്നു. .
ഈ ഊഴത്തില്‍ എതിര്‍പ്പുകള്‍ ഇല്ലാതായില്ല. പാര്‍ട്ടിയിലെ മറ്റൊരു നിര യെദ്യൂരപ്പയെ നിരന്തരം വെല്ലുവിളിച്ചുകൊണ്ടിരുന്നു. നേതൃമാറ്റം എന്നത് അതിശക്തമായ ആവശ്യമായി അവര്‍ ഉയര്‍ത്തിക്കൊണ്ടേയിരുന്നു. ശക്തമായ കേന്ദ്ര നേതൃത്വം കേന്ദ്ര ഭരണവും പാര്‍ട്ടിക്ക് ഉണ്ടായപ്പോഴും കര്‍ണാടക പാര്‍ട്ടിയിലെ ആഭ്യന്തര കുഴപ്പങ്ങള്‍ ബിജെപിക്ക് പരിഹരിക്കാന്‍ കഴിഞ്ഞില്ല.
വിജയപുര സിറ്റി എംഎല്‍എ ബസനഗൗഡ പാട്ടില്‍ യന്താള്, ടൂറിസം മന്ത്രിസിപി യോഗേശ്വര്‍, കര്‍ണാടക ലജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം എഎച്ച് വിശ്വനാഥ് എന്നിവരെല്ലാം പരസ്യമായി തന്നെ യെദ്യൂരപ്പയുടെ മാറ്റം ആവശ്യപ്പെട്ടു. അഴിമതി ആരോപണങ്ങള്‍ അവര്‍ ഉന്നയിച്ചു. യെദ്യൂരപ്പയുടെ മകന് വിജയേന്ദ്രയാണ് ഭരണം നിയന്ത്രിക്കുന്നതെന്ന് വിമര്‍ശനം അവര്‍ ശക്തമാക്കി. പാര്‍ട്ടി സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും അച്ചടക്കത്തിന്റെ വാള് ഊരിപ്പിടിച്ചെങ്കിലും വിമതശബ്ദത്തിന്റ ശക്തി ക്ഷയിച്ചില്ല. അവര്‍ ഉറച്ചുനിന്നു.
പ്രശ്നപരിഹാരത്തില്‍ ബിജെപി ദേശീയ നിരീക്ഷകനായി അരുണ്‍ സിങിനെ കഴിഞ്ഞ ജനുവരിയില്‍ നിയോഗിച്ചിരുന്നു. അന്നേ യെദ്യൂരപ്പ രാജിവെക്കും എന്ന അഭ്യൂഹം ഉണ്ടായി. എംഎല്‍എമാരുമായി സംസാരിച്ച അരുണ്‍ സിങ് താല്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ യെദ്യൂരപ്പയ്ക്ക് ഉണ്ടെന്ന് വ്യക്തമാക്കി.
അതൊരു താല്‍ക്കാലിക ശാന്തത മാത്രമായിരുന്നു. വിമതര്‍ അടങ്ങിയിരുന്നില്ല. അവര്‍ യെദ്യൂരപ്പയുടെസ്ഥാനത്തിനായ ദാഹിച്ചു. അതിനായുള്ള തന്ത്രങ്ങള്‍ സ്വരുക്കൂട്ടി. യെദ്യൂരപ്പ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷിച്ചാലുടന് രാജിവെച്ച് ഒഴിയുക, പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തുക എന്നതാണ് വിമതരുടെ ആവശ്യം. 2023ല്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്ന കര്‍ണാടകം സങ്കീര്‍ണായ രാഷ്ട്രീയ കരുനീക്കങ്ങളിലേക്ക് വീണ്ടും കടന്നു ചെല്ലുന്നു എന്നുവേണം അനുമാനിക്കാന്‍.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
അമിത് ഷായുടെ ഹിന്ദിയെ എന്തുകൊണ്ട് യെദ്യൂരപ്പ നിരാകരിക്കുന്നു
നാടകം കളിച്ചതിന് 'രാജ്യദ്രോഹികള്‍' ആയ ഈ കുട്ടികള്‍ ഇനി എത്ര ചോദ്യം ചെയ്യല്‍ നേരിടണം?