ജന്മദിനത്തിൽ അരങ്ങേറ്റം, ആദ്യ പന്തിൽ സിക്സർ, പിന്നാലെ ഫിഫ്റ്റി; ഇഷാൻ കിഷനെ ഇതുപോരെ അളിയാ
ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തിൽ അർദ്ധ സെഞ്ചുറി നേടുന്ന 16ാമത്തെ ഇന്ത്യൻ താരമാണ് ഇഷാൻ കിഷൻ. കൂടാതെ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അർദ്ധ സെഞ്ചുറിയും ഇതോടെ ഇഷാന്റെ പേരിലായി.
ശ്രീലങ്കയ്ക്കെതിരെ വിക്കറ്റ് കീപ്പറായി സഞ്ജു വി സാംസൺ വേണോ, ഇഷാൻ കിഷൻ വേണോ എന്നായിരുന്നു ആരാധകർ തമ്മിൽ മത്സരത്തിന് മുമ്പെ ചർച്ചകൾ. എന്നാൽ ആദ്യ ഏകദിനത്തിൽ ഇന്ത്യ തകർപ്പൻ ജയം നേടിയതോടെ രണ്ടാമത്തെ മത്സരത്തിൽ ഇനി അങ്ങനെയൊരു ചോദ്യം ഉയർന്നേക്കില്ല. ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച ഇഷാൻ കിഷന്റെ ഗംഭീര പ്രകടനമാണ് ചോദ്യങ്ങളും സഞ്ജു വി സാംസണിന്റെ പ്രതീക്ഷകളും ഇല്ലാതാക്കുന്നത്.
ഓപ്പണറായി ഇറങ്ങി വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച പൃഥ്വി ഷായ്ക്ക് പിന്നാലെയാണ് ഇഷാൻ കിഷൻ ക്രീസിൽ എത്തിയത്. 24 ബോളിൽ ഒൻപത് ഫോറുകൾ സഹിതം 43 റൺസാണ് പൃഥ്വി ഷാ അടിച്ചെടുത്തത്. പിന്നാലെ അരങ്ങേറ്റമാണ്, ശ്രീലങ്കയാണ് എന്നൊന്നും നോക്കാതെ നേരിട്ട ആദ്യ പന്തിൽ തന്നെ ക്രീസിന് പുറത്തിറങ്ങി ഇഷാന്റെ സിക്സർ. 18ാം ഓവറിൽ മിനോദ് ഭാനുകയ്ക്ക് ക്യാച്ച് നൽകി പുറത്താകുമ്പോൾ 42 പന്തിൽ ഇഷാൻ കിഷൻ രണ്ട് സിക്സും എട്ട് ഫോറും അടക്കം 59 റൺസ് നേടിയിരുന്നു.
ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തിൽ അർദ്ധ സെഞ്ചുറി നേടുന്ന 16ാമത്തെ ഇന്ത്യൻ താരമാണ് ഇഷാൻ കിഷൻ. കൂടാതെ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അർദ്ധ സെഞ്ചുറിയും ഇതോടെ ഇഷാന്റെ പേരിലായി. 2021 മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരേ 26 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി നേടിയ ക്രുനാല്‍ പാണ്ഡ്യയുടെ പേരിലാണ് ഈ റെക്കോഡ്.

ട്വന്റി 20യ്ക്ക് പുറമെ ഏകദിനത്തിലും ആദ്യ മത്സരത്തിൽ തന്നെ അർദ്ധ സെഞ്ചുറി നേടിയതോടെ ദക്ഷിണാഫ്രിക്കയുടെ റാസ്സി വാന്‍ഡെര്‍ ദസ്സന് ശേഷം ഏകദിനത്തിലെയും ട്വന്റി 20യിലെയും അരങ്ങേറ്റത്തില്‍ അര്‍ധ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായി ഇഷാൻ. 2021 മാർച്ചിൽ ഇംഗ്ലണ്ടിനെതിരെ അഹമ്മദാബാദിൽ നടന്ന ട്വന്റി 20 അരങ്ങേറ്റ മത്സരത്തിലും ഇഷാൻ അർദ്ധ സെഞ്ചുറി നേടിയിരുന്നു.
ഇന്നത്തെ മത്സരത്തെ ആരാധകർ ഓർത്തിരിക്കാൻ മറ്റൊരു കാരണം കൂടിയുണ്ടാകും. ഇഷാൻ കിഷന്റെ ജന്മദിനം കൂടിയായിരുന്നു ഈ ദിവസം. 1998 ജൂലൈ 18ന് ജനിച്ച ഇഷാൻ കിഷന് 23 വയസ് പൂർത്തിയായതേ ഉളളൂ. ജന്മദിനത്തിൽ അരങ്ങേറ്റ മത്സരം കളിക്കാനും അതിൽ അർദ്ധ സെഞ്ചുറി നേടാനും കഴിയുക എന്ന അപൂർവ നേട്ടം കൂടി ഇഷാന് ഇതോടെ സ്വന്തമായി.
മത്സരത്തിൽ 80 ബോളുകൾ അവശേഷിക്കെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. നായകൻ ശിഖാർ ധവാൻ 95 ബോളിൽ 86 റൺസോടെ പുറത്താകാതെ നിന്നു. ആദ്യ ഓവറുകളിൽ തകർപ്പൻ അടി കാഴ്ചവെച്ച പൃഥ്വി ഷായാണ് മത്സരത്തിലെ താരം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 262 റൺസ് എടുക്കാനെ സാധിച്ചുളളൂ.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
അവസരം കിട്ടാന്‍ ഇനി എന്തു ചെയ്യണം? രാജ് കോട്ടിലെങ്കിലും സഞ്ജുവിനെ കളിപ്പിക്കണമെന്ന് ആരാധകര്‍
ഇൻട്രാ സ്ക്വാഡിലും സഞ്ജയ് മഞ്ജരേക്കരുടെ ലിസ്റ്റിലും സഞ്ജുവില്ല; ആരായിരിക്കും ലങ്കയിൽ വിക്കറ്റ് കാക്കുക?
സ്ഥിരതയില്ലായ്മ വില്ലനാകുമോ, അതോ ഏകദിന അരങ്ങേറ്റമോ?; സഞ്ജുവിനെ ശ്രീലങ്കയിൽ കാത്തിരിക്കുന്നത്
35ാം വയസിൽ ടീം ഇന്ത്യയുടെ നായകൻ, 23 റൺസ് അകലെ റെക്കോഡുകൾ; ധവാൻ ലങ്ക കീഴടക്കുമോ ?