സര്‍ക്കാര്‍ ഭൂമിയില്‍ വ്യാപകമായി ക്വാറികള്‍: 2500 ഓളം ഏക്കര്‍ ഭൂമി ഖനനത്തിന് അനുയോജ്യമെന്ന് റിപ്പോര്‍ട്ട്
പശ്ചിമഘട്ടത്തെ തുരക്കാന്‍ പുതിയ ചട്ടങ്ങള്‍ കൊണ്ടുവന്നും നിയമങ്ങള്‍ ലഘൂകരിച്ചും മലകളെ കൊന്നൊടുക്കാന്‍ സര്‍ക്കാര്‍ സഹായം ചെയ്തുകൊടുക്കുമ്പോള്‍ കേരളത്തിലെ മലകളുടെ ആയുസ്സ് എത്ര?
പാറകള്‍ കുഴിച്ചു മാന്താന്‍ വന്‍കിടക്കാര്‍, അവര്‍ക്ക് കൂട്ടായി ഭരണകൂടവും. നിര്‍മ്മാണ വസ്തുക്കളുടെ ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഭൂമിയില്‍ കൂടുതല്‍ പാറകള്‍ പൊട്ടിക്കാനൊരുങ്ങി സംസ്ഥാനം. പാറ ഖനനത്തിന് സംസ്ഥാനത്തൊട്ടാകെ ഇതുവരെ കണ്ടെത്തിയത് 2500 ഹെക്ടറോളം റവന്യൂ ഭൂമി. ഇടുക്കി, ആലപ്പുഴ ജില്ലകളൊഴികെ എല്ലാ ജില്ലകളിലും വന്‍തോതില്‍ പാറപൊട്ടിക്കാന്‍ നീക്കം. ടെന്‍ഡര്‍ വിളിച്ച് റവന്യൂ പുറമ്പോക്ക് ഭൂമിയില്‍ ഖനനത്തിന് അനുമതി നല്‍കാനാണ് തീരുമാനം.
തകര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചിമഘട്ടത്തെ തുരക്കാന്‍ പുതിയ ചട്ടങ്ങള്‍ കൊണ്ടുവന്നും നിയമങ്ങള്‍ ലഘൂകരിച്ചും മലകളെ കൊന്നൊടുക്കാന്‍ സര്‍ക്കാര്‍ സഹായം ചെയ്തുകൊടുക്കുമ്പോള്‍ കേരളത്തിലെ മലകളുടെ ആയുസ്സെത്ര എന്ന ചോദ്യമാണ് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ഉന്നയിക്കുന്നത്. പ്രകൃതി ദുരന്തങ്ങള്‍ ഒന്നിനു പുറകെ മറ്റൊന്നായി വേട്ടയാടുന്ന കേരളത്തില്‍ ഇനിയും മല തുരന്നാല്‍ ആപത്തെന്ന് കാലാവാസ്ഥാ വിദഗ്ദ്ധരും പരിസ്ഥിതി ശാസ്ത്രജ്ഞരും മുന്നറിയിപ്പ് നല്കുന്നു. എന്നാല്‍ കൂടുതല്‍ പാറകള്‍ പൊട്ടിച്ചെടുക്കാനുള്ള സൗകര്യങ്ങള്‍ തേടുകയാണ് സര്‍ക്കാര്‍. നവകേരള നിര്‍മ്മിതിക്ക് ആക്കം കൂട്ടാന്‍ കൂടുതല്‍ പാറകള്‍ വേണം; ഇതിനായി ഇനിയും തുരക്കാത്ത മലകളും, കുഴിച്ച് തീരാത്ത പാറകളും അന്വേഷിച്ച് വന്‍കിടക്കാര്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ നീക്കം വന്‍കിട പദ്ധതികള്‍ക്കായുള്ള 'ക്വാറി സോണ്‍' ഉണ്ടാക്കലാണെന്നാണ് ആരോപണം

സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ഭൂമിയില്‍ ക്വാറികള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. ഓരോ വില്ലേജിന് കീഴിലും ക്വാറികള്‍ക്ക് അനുയോജ്യമായ സര്‍ക്കാര്‍ ഭൂമി കണ്ടെത്തി അടിയന്തിരമായി റിപ്പോര്‍ട്ട് നല്കാന് ജില്ലാ കളക്ടര്‍മാര്‍ക്ക് റവന്യൂ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. സെപ്തംബര്‍ ആദ്യ ആഴ്ചയില്‍ ഈ നിര്‍ദ്ദേശം എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും കൈമാറി. ഒരാഴ്ചയ്ക്കുള്ളില്‍ ഭൂമി കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദ്ദേശം. ഇതിനായി ജില്ലാ കളക്ടര്‍മാരുടെ പ്രത്യേക സമിതിയും രൂപീകരിച്ചിരുന്നു. റവന്യൂ പുറമ്പോക്ക് ഭൂമിയില്‍ എവിടെയെല്ലാം ഖനനം നടത്താമെന്ന് നിശ്ചയിക്കാന്‍ ആര് ഡി ഒയുടെ നേതൃത്വത്തിലുള്ള സമിതിയേയും ചുമതലപ്പെടുത്തി. ആര് ഡി ഒയുടെ നേതൃത്വത്തില്‍ ജില്ലാ ജിയോളജിസ്റ്റ്, തഹസില്‍ദാര്‍, താലൂക്ക് സര്‍വേയര്‍, വില്ലേജ് ഓഫീസര്‍ എന്നിവരടങ്ങുന്ന സംഘം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനനുസരിച്ച് ക്വാറി തുടങ്ങാനുള്ള നടപടികളുമായി മുന്നോട്ട് പോകണമെന്നും നിര്‍ദ്ദേശമുണ്ട്. സ്വകാര്യ വ്യക്തികള്‍ക്കോ കമ്പനികള്‍ക്കോ ആറ് മാസത്തിനകം എതിര്‍പ്പില്ലാ രേഖ (എന്‍.ഒ.സി.) ലഭ്യമാക്കുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോവണമെന്നാണ് ജില്ലാ റവന്യൂ അധികൃതര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.
ആര് ഡി ഒ മാര്‍ നല്കിയ റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനമൊട്ടാകെ 2500ഓളം ഏക്കര്‍ ഭൂമിയാണ് ഖനനത്തിന് അനുയോജ്യമായി തിരഞ്ഞെടുത്തിരിക്കുന്നത്. റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷം അതത് ജില്ലാ കളക്ടര്‍മാര്‍ എന്‍ ഒ സി നല്‍കാനുള്ള ഇ ടെന്‍ഡര്‍ നടപടികള്‍ തുടങ്ങും. ഡിസംബറിനുള്ളില്‍ എന്‍ ഒ സി നല്കുന്ന നടപടികള്‍ പൂര്‍ത്തീകരിക്കും വിധമാണ് കാര്യങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. റവന്യൂ പുറമ്പക്കില് ഖനനം നടത്താന്‍ ടെന്‍ഡര്‍ നടപടികളിലേക്ക് നീങ്ങുന്നതിന് സമയക്രമം നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഭൂമി നിശ്ചയിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയത്. പാരിസ്ഥിതിക പ്രശ്നങ്ങളുള്‍പ്പെടെ പഠിച്ചതിന് ശേഷം സുതാര്യമായാണ് എന്‍ ഒ സി നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോവുന്നതെന്ന് പേര് വെളിപ്പെടുത്താത്ത ഉന്നത് റവന്യൂ ഉദ്യോഗസ്ഥര്‍ ഏഷ്യാവില്ലിനോട് പറഞ്ഞു.
ഒരു ഹെക്ടറിലധികം വരുന്ന ഭൂമിയാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്. ഒരു ഹെക്ടറിന് ഒരു വര്‍ഷത്തേക്ക് 10 ലക്ഷം രൂപയാണ് തറവില നിശ്ചയിച്ചിരിക്കുന്നത്. 12 വര്‍ഷത്തെ പാറഖനനത്തിനാണ് ഭൂമി പാട്ടത്തിന് നല്‍കുക. ഒരു ഹെക്ടറിന് താഴെയാണ് ഭൂമിയെങ്കില്‍ ഫീസ് നിശ്ചയിച്ച് ക്വാറി പെര്‍മിറ്റ് നല്‍കും. ലേലത്തില്‍ കൂടുതല്‍ പണം നല്‍കുന്നവര്‍ക്കായിരിക്കും ക്വാറികള്‍ നടത്താന്‍ അനുമതി നല്‍കുക. മാനദണ്ഡങ്ങള്‍ക്ക് വിധേയമായി സര്‍ക്കാരിലേക്ക് വരുമാനമെത്തുന്ന തരത്തിലാവും ക്വാറികളുടെ പ്രവര്‍ത്തനം ക്രമീകരിക്കുക. ഖനനം ചെയ്തെടുക്കുന്ന കരിങ്കല്ല് ഓരോ ടണ്ണിനും സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന സീനിയറേജ് അടക്കണമെന്ന വ്യവസ്ഥയുണ്ട്. 12 വര്‍ഷത്തേക്കുള്ള പാട്ടത്തുക ഓരോ വര്‍ഷവും നിശ്ചിത തുകയായി ക്വാറി ഉടമകള്‍ അടക്കണം. സര്‍ക്കാര്‍ ഭൂമി മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രം ഖനനത്തിന് നല്കുന്ന തീരുമാനം സുതാര്യത ഉറപ്പാക്കുമെന്നാണ് റവന്യൂ അധികൃതരുടെ വിശദീകരണം.
എന്നാല്‍ തീരുമാനം കേരളത്തിലെ മലനിരകളെ തന്നെ ഇല്ലാതാക്കാനുള്ളതാണെന്ന് പരിസ്ഥിതി, സാമൂഹിക പ്രവര്‍ത്തകരും വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു. സാമൂഹിക പ്രവര്‍ത്തകനായ ധര്‍മ്മരാജ് പ്രതികരിക്കുന്നു:
' റവന്യൂ പുറമ്പോക്ക് എന്ന് പറഞ്ഞാല്‍ കേരളത്തിലെ എല്ലാ മലകളും അതില്‍ പെടും. അതില്‍ ആദ്യം ഏത് ഉള്‍പ്പെടും എന്നത് മാത്രമേ ആലോചിക്കേണ്ടതുള്ളൂ. റവന്യൂ പുറമ്പോക്കുകള്‍ മുമ്പും ക്വാറികള്‍ നടത്താനായി അനുവദിച്ചിട്ടുണ്ട്. എന്നാല്‍ 12 വര്‍ഷം ഒരു മല തീരാനുള്ള കാലയളവാണോ നിശ്ചയിച്ചിരിക്കുന്നത്? കേരളത്തിലെ മലകളിലേക്ക് പല വന്‍കിടക്കാരും കണ്ണുവച്ചിട്ട് നാളുകളായി. ടെന്‍ഡര്‍ വിളിച്ചാല്‍ എത്ര വിലകൊടുത്തും മലകള്‍ പാട്ടത്തിനെടുക്കാന്‍ അവര്‍ വരും. എത്ര പണം ചെലവഴിച്ചാലും പതി•ടങ്ങ് ലാഭം ഉണ്ടാക്കാവുന്ന സമ്പത്ത് ഉള്ളപ്പോള്‍ വന്‍കിടക്കാര്‍ പറന്നെത്തും. ഒരു പാറ, താഴെ പൊട്ടിക്കുമ്പോള്‍ ഒരു എക്സ്പ്ലോഷനില്‍ ഒരു ലോഡ് ആണ് കിട്ടുന്നതെങ്കില്‍ മലകള്‍ക്ക് മുകളില്‍ അത് അമ്പത് ലോഡ് വരെ കിട്ടും. ചെറുപ്ലശ്ശേരിയ്ക്കടുത്തുള്ള അനങ്ങന്‍ മല, അവിടെ മണ്ണില്ല. പാറക്കെട്ടുകള്‍ മാത്രമാണ്. സ്വകാര്യ ഭൂമിയില്‍ വിലയ്ക്ക് വാങ്ങിയോ പാട്ടത്തിനെടുത്തോ പൊട്ടിച്ചിരുന്ന ക്വാറി ഉടമകള്‍ക്ക് അനങ്ങന്‍മല പോലൊരു മല കിട്ടിയാല്‍ ചാകര കിട്ടിയത് പോലെയാണ്.'
കഴിഞ്ഞ വര്‍ഷം ക്വാറികള്‍ക്ക് എന്‍ ഒ സി നല്‍കുന്നത് റവന്യൂ വകുപ്പ് നിര്‍ത്തിവച്ചിരുന്നു. സര്‍ക്കാര്‍ ഭൂമിയില്‍ ഖനനം അനുവദിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ വേണമെന്ന നിലപാടായിരുന്നു റവന്യൂ വകുപ്പിന്റേത്. സര്‍ക്കാര്‍ ഭൂമിയില്‍ ഖനനത്തിന് വ്യക്തമായ മാനദണ്ഡങ്ങളോ വ്യവസ്ഥകളോ ഇല്ലെന്ന് കണ്ടെത്തിയ വകുപ്പ് തീരുമാനവുമായി മുന്നോട്ട് പോയി. നിബന്ധനയില്ലാതെ ആദ്യം അപേക്ഷ നല്‍കുന്നവര്‍ക്ക് ഖനനാനുമതി നല്കുന്ന രീതിയായിരുന്നു തുടര്‍ന്നിരുന്നത്. ഒരു സ്ഥലത്ത് ഖനനം സാധ്യമാണോ എന്ന് പരിശോധന വേണം, ഖനനം ആരംഭിച്ചാല്‍ അത് സമീപപ്രദേശങ്ങളേയും താമസക്കാരേയും ഏത് തരത്തില്‍ ബാധിക്കുമെന്ന് വിലയിരുത്തണം, ഖനനം ആരംഭിച്ചാല്‍ കൃത്യമായ നിയന്ത്രണങ്ങള്‍ വേണം എന്ന് എന്‍ ഒ സി നല്‍കുന്നത് നിര്‍ത്തിവച്ചുകൊണ്ട് വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ട. ഇതെല്ലാം ഉള്‍പ്പെടുത്തി നിബന്ധനകള്‍ കൊണ്ടുവരുന്നത് വരെ അദാനിയുടെ വിഴിഞ്ഞം തുറമുഖത്തിനായി അനുവദിച്ച ക്വാറികള്‍ക്ക് മാത്രം ഖനനാനുമതി നല്‍കാനും തീരുമാനിച്ചിരുന്നു. പിന്നീട് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിബന്ധനകള്‍ കൊണ്ടുവരികയും ടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
എന്നാല്‍ കേരളത്തിലെ വന്‍കിട വികസന പദ്ധതികളായ വിഴിഞ്ഞം തുറമുഖം, കെ-റെയില്‍ പദ്ധതികള്‍ മുന്നില്‍ കണ്ടുകൊണ്ട് കൂടുതല്‍ ഭൂമിയിലേക്ക് വന്‍തോതില്‍ ഖനനം വ്യാപിപ്പിക്കാനുള്ള സര്‍ക്കാര്‍ തന്ത്രമാണ് തീരുമാനത്തിന് പിന്നിലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. വന്‍കിട പദ്ധതികള്‍ക്കുള്ള കല്ല് ചെറുകിട ക്വാറികളില്‍ നിന്ന് ലഭിക്കില്ലെന്നിരിക്കെ സംസ്ഥാനത്ത് ക്വാറി സോണ്‍ ഉണ്ടാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും അഭിപ്രായമുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകനായ ജോണ്‍ പെരുവന്താനം പറയുന്നു:
'പുതുതായി കണ്ടെത്തിയിരിക്കുന്ന സ്ഥലങ്ങളില്‍ ക്വാറികള്‍ തുടങ്ങുന്നതോടെ പശ്ചിമഘട്ടവും അതിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളും തകര്‍ന്ന് തരിപ്പണമാവും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്, മലപ്പുറം ജില്ലകള്‍ക്കാവും ഇതുവഴി കൂടുതല്‍ പ്രത്യാഘാതമുണ്ടാവുക. തെക്കന്‍ ജില്ലകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പാറകളാണ് പ്രധാനമായും ഉള്‍പ്പെട്ടിട്ടുള്ളത്. എറണാകുളത്ത് കീരംപാറ പഞ്ചായത്തില്‍ നാലില്‍ മൂന്ന് ഭാഗവും പാറയാണ്. പാറയുടെ മുകളില്‍ ഒന്നോ രണ്ടോ അടി മണ്ണ് മാത്രമാണുള്ളത്. ഇവിടെ ഖനനം ചെയ്താല്‍ വന്‍കിടക്കാര്‍ക്ക് വേണ്ടതിലധികവും പാറ കിട്ടും. കൂടുതലും ദളിത് ജനവിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളായതിനാല്‍ സര്‍ക്കാരിന് ഇത്തരം പ്രദേശങ്ങള്‍ ഏറ്റെടുത്ത് ജനങ്ങളെ ഒഴിപ്പിക്കാനും എളുപ്പമാവും. ഇത്തരം ദുരന്തങ്ങളെല്ലാം പ്രതീക്ഷിക്കണം. ടെന്‍ഡര്‍ വിളിക്കുന്നത് തന്നെ അദാനിക്ക് വേണ്ടിയാണ്. വിഴിഞ്ഞത്ത് കൊണ്ടയിട്ട കല്ലില്‍ മുക്കാലും കടല്‍ കൊണ്ടുപോയി. ഇട്ടതിലും എത്രയോ ഇരട്ടി കല്ലുകള്‍ ഉണ്ടെങ്കിലേ വിഴിഞ്ഞം പൂര്‍ത്തിയാവൂ. അതിനിടെ പോക്കറ്റ് കാലിയായ, മെട്രോയില്‍ പോലും കയറാന്‍ മടിക്കുന്ന കേരളക്കാര്‍ക്ക് വേണ്ടി കെ-റെയിലും വരുന്നു. അതിനും കല്ലുകള്‍ വേണം. ജനവാസ കേന്ദ്രങ്ങള്‍ വരെ ഏറ്റെടുത്ത് ഖനനം ചെയ്ത് വികസനം കൊണ്ടുവരാനാവും സര്‍ക്കാര്‍ നീക്കം. കോടതി പറഞ്ഞതിന്റെ പേരിലോ, നടപടി സുതാര്യമാക്കുന്നതിന്റെ പേരിലോ അല്ല, വന്‍കിടക്കാര്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ തീരുമാനം.'
ഖനനം തുടങ്ങാവുന്ന റവന്യൂ പുറമ്പോക്ക് ഭൂമിയുടെ ലിസ്റ്റില്‍ ഇടുക്കി ജില്ല ഉള്‍പ്പെട്ടിട്ടില്ല എന്നതാണ് ലഭിക്കുന്ന വിവരം. ഉടുമ്പന്‍ചോലയില്‍ ഏലമലക്കാട് കേസ് നടക്കുന്നതിനാലും, മറ്റ് എട്ട് പഞ്ചായത്തുകളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ഇല്ലാത്തതിനാലും, ചില സ്ഥലങ്ങളില്‍ ഭൂപതിവ് ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ പതിച്ചു നല്കിയ ഭൂമിയുള്ളതിനാലും നാല് താലൂക്കുകളില്‍ സാങ്കേതിക കാരണങ്ങളാല്‍ ഖനനത്തിന് അനുമതി നല്‍കാനാവില്ലെന്നാണ് റവന്യൂ വകുപ്പ് അധികൃതര്‍ പറയുന്നത്. തൊടുപുഴ താലൂക്ക് മാത്രമാണ് പിന്നീടുള്ളത്. വയനാട് ജില്ലയേയും ഖനനത്തില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്നും അറിയുന്നു. തുടര്‍ച്ചയായ മണ്ണിടിച്ചിലുകളും ഉരുള്‍പൊട്ടലുകളും തുടരുന്നതിനാല്‍ ഇടുക്കി, വയനാട് ജില്ലകളില്‍ കാറികള്ക്ക് അനുമതി നല്‍കുന്നത് ആലോചിച്ചതിന് ശേഷമായിരിക്കും എന്നും ഒരു റവന്യൂ ഉദ്യോഗസ്ഥന് പ്രതികരിച്ചു.
ചെറുതും വലുതുമായ 5924 ക്വാറികളാണ് പലയിടങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. പീച്ചി കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോറസ്റ്റ് ഹെല്‍ത്ത് ഡിവിഷനിലെ ഡോ. ടി.വി.സജീവും ഡോ.സി.ജി അലക്സും സംയുക്തമായി നടത്തിയ പഠനത്തിലാണ് കേരളത്തിലെ ക്വാറികളെ സംബന്ധിച്ച ഏറ്റവുമൊടുവിലത്തെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് അതില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്: .02 ഹെക്ടര്‍ മുതല്‍ 64.04 ഹെക്ടര്‍ വരെയുള്ള ചെറുതും വലുതുമായ 5924 ക്വാറികളാണ് കേരളത്തിലുള്ളത്. പശ്ചിമഘട്ടത്തിന്റെ ഏതാണ്ട് 7157.6 ഹെക്ടര്‍ പ്രദേശം ക്വാറികള്‍ കയ്യടക്കിക്കഴിഞ്ഞു. മധ്യ കേരളത്തിലാണ് ക്വാറികള്‍ എണ്ണത്തില്‍ കൂടുതല്‍. 3610.4 ഹെക്ടറിലായി 2438 ക്വാറികളാണ് മധ്യകേരളത്തില്‍ മാത്രം ഉള്ളത്. വടക്കന്‍ കേരളത്തില്‍ 1969 ക്വാറികളും തെക്കന്‍ കേരളത്തില്‍ 1517 ക്വാറികളും പ്രവര്‍ത്തിക്കുന്നു. പാലക്കാട് ജില്ലയാണ് ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. അവിടെ മാത്രം 867 ക്വാറികള്‍ ഉണ്ട്. രണ്ടാമത് എറണാകുളമാണ്. എറണാകുളം ജില്ലയില്‍ 1261.13 ഹെക്ടര്‍ പ്രദേശത്ത് 774 ക്വാറികളാണുള്ളത്. പത്ത് ഹെക്ടറില്‍ കൂടുതല്‍ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന 73 കരിങ്കല്‍ ക്വാറികളാണ് സംസ്ഥാനത്തുള്ളത്.
കുറച്ചുകൂടി വിശദമായ കണക്കുകളെടുത്താല്‍ ആലപ്പുഴ ഒഴികെയുള്ള മറ്റ് ജില്ലകളിലെ ക്വാറികളുടെ എണ്ണം ഇങ്ങനെയാണ്- കാസര്‍ഗോഡ്-315, കണ്ണൂര്‍-327, കോഴിക്കോട്-509, വയനാട്- 161, മലപ്പുറം- 657, പാലക്കാട്-867, തൃശൂര്‍- 469, എറണാകുളം- 774, ഇടുക്കി-328, കോട്ടയം- 499, പത്തനംതിട്ട്-352, കൊല്ലം- 305, തിരുവനന്തപുരം- 361. ഇതിന് പുറമെയാവും റവന്യൂ പുറമ്പോക്കില്‍ 12 വര്‍ഷത്തെ പാട്ടത്തിന് നല്കുന്ന ക്വാറികള്‍.
കേരളത്തിലെ നാല് നദീതടങ്ങളാണ് ചാലിയാര്‍, ഭാരതപ്പുഴ, പെരിയാര്‍, പമ്പ എന്നിവ. ഇതില്‍ ഭാരതപ്പുഴ നദീതടത്തില്‍ മാത്രം 1286.86 ഹെക്ടര്‍ പ്രദേശത്തായി 940 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായാണ് കണക്ക്. മൂവാറ്റുപുഴയാറിന്റെ തടങ്ങളില്‍ 627 ക്വാറികളും പ്രവര്‍ത്തിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ സംസ്ഥാനത്തെ 96 ശതമാനം കരിങ്കല്‍ ക്വാറികളും പുഴയിലേക്ക് ജലം എത്തിക്കുന്ന നീര്‍ച്ചാലുകളുടെ 500 മീറ്ററിന് ഉള്ളിലാണുള്ളതെന്ന് പഠനത്തില്‍ തെളിയുന്നു. ഇതില്‍ 2553 ക്വാറികള്‍ നീര്‍ച്ചാലുകളുടെ ബഫര്‍ റേഞ്ചുകള്ക്കുള്ളില്, അതായത് 100 മീറ്ററിനുള്ളില്‍ ഉള്ളവയാണ്. 4072 ക്വാറികള്‍ 200 മീറ്ററിനും ഉള്ളിലാണ്. പുഴകളുടെ നീര്ച്ചാലുകള്ക്കുള്ളിലായി പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ കണക്ക് ഇങ്ങനെ- പെരിയാര്‍- 562, ഭാരതപ്പുഴ-940, പമ്പ-106, ചാലക്കുടി-90, ചാലിയാര്‍- 465, കടലുണ്ടി- 362, അച്ചന്‍കോവില്‍- 95, കല്ലട-185, മൂവാറ്റുപുഴ- 627, വളപട്ടണം-129, ചന്ദ്രഗിരി- 104, മണിമല-217, കുപ്പം-41, വാമനപുരം-131, മീനച്ചില്‍- 321. രണ്ടായിരത്തോളം ക്വാറികള്‍ സംരക്ഷിതവനങ്ങള്‍ക്കും റിസര്‍വ് ഫോറസ്റ്റുകള്‍ക്കും ഉള്ളിലാണെന്നതാണ് അതിലും ഭീതിയുയര്‍ത്തുന്ന ഒന്ന്. സംരക്ഷിതവനങ്ങളുടെ നൂറ് - അഞ്ഞൂറ് മീറ്റര്‍ പരിധിക്കുള്ളിലാണ് സംസ്ഥാനത്തെ 79 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. 1378 ക്വാറികള്‍ റിസര്‍വ് ഫോറസ്റ്റുകളില്‍ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരപരിധിക്കുള്ളിലും പാറപൊട്ടിക്കുന്നു.
മുമ്പ് പശ്ചിമഘട്ട പാരിസ്ഥിതിക വിദഗ്ദ്ധ സമിതി നടത്തിയ പഠനങ്ങളില്‍ പശ്ചിമഘട്ടത്തില്‍ പാരിസ്ഥിതിക ദുര്‍ബല മേഖലകള്‍ ഉള്ളതായി കണക്കാക്കിയിരുന്നു. ഇഎസ് സെഡ്- ഒന്ന്, ഇ എസ് സെഡ്- രണ്ട്്, ഇ എസ് സെഡ് മൂന്ന് എന്നിങ്ങനെ മൂന്നായി ഈ പരിസ്ഥിതി മേഖലകളെ അവര്‍ വേര്‍തിരിക്കുകയും ചെയ്തു. ഒന്ന്, രണ്ട് പാരിസ്ഥിതിക ദുര്‍ബല മേഖലകളില്‍ ഒരുകാരണവശാലും ക്വാറി പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് വിദഗ്ദ്ധ സംഘം റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. നിലവില്‍ നടക്കുന്ന പാറഖനനം ഘട്ടംഘട്ടമായി നിര്‍ത്തി അഞ്ച് വര്‍ഷത്തിനുള്ളില്‍ അത് പൂര്‍ണമായും അവസാനിപ്പിക്കണമെന്നും അന്ന് സമിതി ചൂണ്ടിക്കാട്ടി. മൂന്നാമത്തെ പാരിസ്ഥിതിക ദുര്‍ബല മേഖലയില്‍ കൃത്യമായ നിയന്ത്രണങ്ങളോടെ മാത്രം ക്വാറികള്‍ അനുവദിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ റിപ്പോര്‍ട്ട് വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അന്നുണ്ടായിരുന്നതിനേക്കാല് ഇരട്ടിയായി ഈ മേഖലകളിലെ ക്വാറികളുടെ എണ്ണവും പാറഖനനവും. റെഡ് കാറ്റഗറിയില്‍ പെടുന്ന ഇന്ഡസ്ട്രികളില് പെട്ടതാണ് ക്വാറികള്‍. ഈ കാറ്റഗറിയിലുള്ള വ്യവസായങ്ങള്‍ പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങളില്‍ നിയമം മൂലം നിരോധിച്ചിട്ടുള്ളതുമാണ്. എന്നാല്‍ പാരിസ്ഥിക ദുര്‍ബല മേഖലകളിലെ ക്വാറികളുടെ കണക്ക് ഞെട്ടിക്കുന്നതാണ്. ഇ എസ് സെഡ് ഒന്നില്‍ 1486 ക്വാറികളും, ഇ എസ് സെഡ് രണ്ടില്‍ 169-ഉും, ഇ എസ് സെഡ് മൂന്നില്‍ 1667 ക്വാറികളുമാണുള്ളത്. അതീവ പാരിസ്ഥിതിക ദുര്‍ബല മേഖലകളില്‍ പോലും 665 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി പഠനം സൂചിപ്പിക്കുന്നു. 2018 മുതല്‍ കേരളം കണ്ടിട്ടില്ലാത്ത വിധത്തില്‍ പ്രകൃതി ദുരന്തങ്ങള്‍ തുടരുന്നു. എന്നാല്‍ അതീവ ദുര്‍ബല മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്ക് പോലും തടയിടാന്‍ ഇതേവരെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ഉയരുന്നതിനിടയിലാണ് കൂടുതല്‍ പാറഖനനത്തിനായുള്ള നീക്കം.
ജോണ്‍ പെരുവന്താനം തുടരുന്നു: ' പല തവണ പ്രകൃതി തിരിച്ചടി നല്കി. എന്നാല്‍ അതില്‍ നിന്നൊന്നും പാഠം പഠിച്ചിട്ടില്ല. അയ്യായിരത്തിലധികം ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന പശ്ചിമഘട്ടത്തിലും അതിന്റെ സമീപ പ്രദേശങ്ങളിലുമായാണ് എണ്‍പതിലധികം വന്‍കിട അണക്കെട്ടുകളും, 20ല്‍ അധികം ചെറുകിട അണക്കെട്ടുകളുമുള്ളത്. ഭരണികള്‍ അടുക്കി വച്ചിരിക്കുന്നത് പോലുള്ള അണക്കെട്ടുകള്ക്കിടയിലാണ് ഇത്രയും ക്വാറികള്‍. മല ഒന്നായി പൊട്ടിച്ച് തീര്‍ക്കുമ്പോള്‍ പ്രകൃതി എന്താണ് നമുക്കായി കരുതിവച്ചിരിക്കുന്നതെന്നറിയില്ല.'
അതിനിടെ ക്വാറികളുടെ ദൂരപരിധി 200 മീറ്ററാക്കി ഉയര്‍ത്തിയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് ക്വാറികളും ജനവാസ കേന്ദ്രങ്ങളും തമ്മിലുള്ള ദൂരപരിധി 50 മീറ്ററാക്കി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് 200 മീറ്ററാക്കി പുന:സ്ഥാപിക്കണമെന്നായിരുന്നു ഹരിത ട്രിബ്യൂണല്‍ ഉത്തരവ്. സംസ്ഥാനത്ത് പുതുക്കിയ ചട്ടം നിലനില്‍ക്കെ ദൂരപരിധി 200 ആക്കി ഉയര്‍ത്താന്‍ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. ദൂരപരിധി 200 ആക്കിയാല്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതികള്‍ക്ക് ആവശ്യമായ പാറകള്‍ ലഭിക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഹരിതട്രിബ്യൂണല്‍ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. എന്നാല്‍ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
#FloodAndFuture04, ഉരുള്‍പൊട്ടല്‍ തകര്‍ത്തെറിഞ്ഞ പുത്തുമല അതിജീവിക്കാന്‍ ഒരുങ്ങുന്നു
ജോലിയില്ല, കൂലിയില്ല, ഭൂമിയില്ല വയനാട്ടിൽ നിന്നുള്ള വർത്തമാനം
ക്വാറികളുടെ ദൂരപരിധി; ദേശീയ ഹരിത ട്രിബ്യൂണല്‍ മാറ്റിവരച്ച കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണ വരമ്പുകള്‍
കേരളത്തിലെ ആദ്യ കൊവിഡ് ആശുപത്രി കാസർകോട്; തൃശ്ശൂരിൽ 1400 ബെഡുള്ള സിഎഫ്എല്‍ടിസി; കൊവിഡ് പ്രതിരോധത്തിൽ നാഴികക്കല്ല്