വന്‍കിട പദ്ധതികളോടുള്ള ആഭിമുഖ്യം മാറാതെ അധികൃതര്‍; ഇരകളാക്കപ്പെട്ട് സാധാരണക്കാര്‍
കെ റെയില്‍, തീരദേശ ഹൈവെ, വയനാട് തുരങ്കപാത, വിഴിഞ്ഞം പദ്ധതി, ശബരിമല വിമാനത്താവളം തുടങ്ങിവയാണ് സര്‍ക്കാര്‍ വലിയ ആവേശത്തോടെ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍.
സംസ്ഥാനത്ത് മറ്റൊരു ഉരുള്‍പ്പൊട്ടല്‍-പ്രളയ സമാന ദുരന്തം ഉണ്ടായതോടെ, ഒരിക്കില് കൂടി നാടിന്റെ വികസന സമീപനങ്ങളെക്കുറിച്ചുള്ള ചര്‍ച്ച സജീവമായി. സംസ്ഥാനത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുന്ന തരത്തില്‍ രൂപമാറ്റം സംഭവിക്കുന്ന കാലാവസ്ഥയും അതിന്റെ അടിസ്ഥാനത്തിലുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളും ഇത്രയേറെ പ്രശ്നങ്ങളുണ്ടായിട്ടും അതൊരു മുഖ്യ വിഷയമായി പരിഗണിക്കാന്‍ കേരളത്തിലെ രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്‍ തയ്യാറായിട്ടില്ലെന്ന ആക്ഷേപമാണ് വിദഗ്ധരും പരിസ്ഥിതി പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നത്. 2018ല്‍ നൂറ്റാണ്ടിലെ പ്രളയം അനുഭവിച്ചിട്ടും അതിന് ശേഷം രണ്ട് തവണ ദുരന്തങ്ങള്‍ ആവര്‍ത്തിച്ചിട്ടും വികസനസമീപനങ്ങളിലും മറ്റും കാലവാവസ്ഥ വ്യതിയാനം ഒരു യാഥാര്‍ത്ഥ്യമായി അംഗീകരിച്ചുകൊണ്ടുള്ള മാറ്റങ്ങള്‍ ആവിഷ്ക്കരിക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് ഇവര്‍ ഉന്നയിക്കുന്ന പ്രധാന വിമര്‍ശനം.
കേരളത്തില്‍ ഇപ്പോള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാന പദ്ധതികളുടെ അടിസ്ഥാനത്തിലാണ് വിദ്ഗധര്‍ പ്രധാനവിമര്‍ശനം ഉന്നയിക്കുന്നത്. 2018 ല്‍ മഹാപ്രളയം ഉണ്ടായതിന് ശേഷം നിയമ സഭ പ്രത്യേക സമ്മേളനം ചേര്‍ന്ന് വികസന സമീപനത്തിലടക്കം വരുത്തേണ്ട മാറ്റങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. റി ബില്‍ഡ് കേരള എന്നത് കാലവസ്ഥ വ്യതിയാനുവും പരിസ്ഥിതി സംരക്ഷണവും പരിഗണിച്ചായിരിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീടുള്ള പദ്ധതി പ്രഖ്യാപനങ്ങളിലും സമീപനങ്ങളിലും അത്തരമൊരു ദര്‍ശനം ഉള്‍പ്പെട്ടില്ലെന്നാണ് ആക്ഷേപം. റീബില്‍ഡ് കേരളയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും വിമര്‍ശനങ്ങള്‍ ഉയരുന്നു.
കെ റെയില്‍, തീരദേശ ഹൈവെ, വയനാട് തുരങ്കപാത, വിഴിഞ്ഞം പദ്ധതി, ശബരിമല വിമാനത്താവളം തുടങ്ങിവയാണ് സര്‍ക്കാര്‍ വലിയ ആവേശത്തോടെ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍. ഇതില്‍ കെ റെയില്‍ അല്ലെങ്കില്‍ സില്‍വര്‍ ലൈന്‍ എന്നറിയപ്പെടുന്ന പദ്ധതി സ്വപ്ന പദ്ധതിയായാണ് സര്‍ക്കാര്‍ കാണുന്നത്.
529.45 കിലോ മീറ്റര്‍ ദൂരത്തില്‍ കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്ക് നീളുന്ന സെമി ഹൈ സ്പീഡ് റെയില്‍വെ ലൈനാണ് സംസ്ഥാനം ഏറ്റെടുത്തിട്ടുള്ള പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതി. ഇതിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. നേരത്തെ യുഡിഎഫ് സര്‍ക്കാരിന്റ കാലത്ത് എ്ക്സ്പ്രസ് ഹൈ വെ പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങിയപ്പോള്‍ അതിനെ എതിര്‍ത്തവരാണ് ഇപ്പോള്‍ കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. അന്ന് എക്സ്പ്രസ് ഹൈവെയെ പിന്തുണച്ച ഇപ്പോഴത്തെ പ്രതിപക്ഷം ഇതിനെ എതിര്‍ക്കുകയും ചെയ്യുന്നു.
നാല് മണിക്കൂറുകൊണ്ട് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് എത്താന്‍ കഴിയുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. പദ്ധതി തുടങ്ങുന്നതിനുള്ള ആദ്യ ഘട്ട നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുകയും ചെയ്തു. 66,000 കോടി രൂപയുടെതാണ് പദ്ധതി. 88 കിലോ മീറ്റര്‍ പാടത്തിലൂടെയുളള ആകാശ റെയിലാണ് വിഭാവനം ചെയ്യപ്പെട്ടിട്ടുളളത്. 11 കിലോമീറ്റര്‍ പാലങ്ങള്‍, അത്രതന്നെ തുരങ്കങ്ങള്‍ എന്നിവ ഉള്‍പ്പെട്ടിട്ടുള്ളതാണ് പാത. ഇത്രയും വലിയ ഒരു പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനം വേണ്ട രീതിയില്‍ നടത്തപ്പെട്ടിട്ടില്ലെന്ന ആക്ഷേപം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. എങ്കിലും പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് സംസ്ഥാന സര്‍ക്കാര്‍.
ഇതുപോലെ തന്നെ പാരിസ്ഥിതികമായും സാമ്പത്തികമായും വലിയ ആഘാതം ഉണ്ടാക്കുമെന്ന് കരുതപ്പെടുന്ന മറ്റൊരു പദ്ധതിയാണ് വയനാട് തുരങ്ക പാത. കിഫ്ബിയില്‍ നിന്നും 658 കോടി രൂപ ചെലവഴിച്ചാണ് വയനാട് തുരങ്ക പാത നിര്‍മ്മിക്കുന്നത്. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല. സാങ്കേതിക പഠനം മുതല്‍ നിര്‍മ്മാണം വരെയുള്ള എല്ലാ പ്രവൃത്തികളും കൊങ്കണ്‍ റെയില്‍വേ കോര്പ്പറേഷന് നിര്‍വ്വഹിക്കും. കോഴിക്കോട് ജില്ലയില്‍ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മറിപ്പുഴയില്‍ ആരംഭിച്ച് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ കള്ളാടിക്ക് സമീപം തുരങ്കം അവസാനിക്കുന്ന വിധത്തിലാണ് പദ്ധതി ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത്. ഈ പദ്ധതിയെക്കുറിച്ചും വലിയ ആശങ്കകളാണ് സാമൂഹ്യ ശാസ്ത്രകാരന്മാരില്‍നിന്നും പരിസ്ഥിതി പ്രവര്ത്തകരില്നിന്നുമുണ്ടാകുന്നത്. പരിസ്ഥിതി ആഘാത റിപ്പോര്‍ട്ട് ലഭിക്കുന്നതിന് മുമ്പാണ് പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന പ്രഖ്യാപനം സര്‍ക്കാര്‍ നടത്തിയതെന്നാണ് ആക്ഷേപം.
സംസ്ഥാനത്തെ തീരങ്ങള്‍ സുരക്ഷിതമല്ലെന്ന് നിഗമനത്തിലെത്തി മല്‍സ്യത്തൊഴിലാളികളെ പുനര്‍ഗേഹം പദ്ധതി വഴി പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കി കൊണ്ടിരിക്കുമ്പോഴാണ് തീരദേശ ഹൈവെ പോലുള്ളവയും ടൂറിസം പദ്ധതികളും തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്നതെന്ന് വിമര്‍ശനവും നിലനില്ക്കുന്നു. പുനര്‍ഗേഹം പരിപാടി നടപ്പിലാക്കുന്നത് തന്നെ ഇത്തരത്തില്‍ തീരദേശം ടൂറിസത്തിനും റിസോര്‍ട്ടുകള്‍ക്കും വിട്ടുകൊടുക്കാന്‍ വേണ്ടിയാണെന്ന ആരോപണവും ഉയരുന്നത് ഈ പശ്ചാത്തലത്തിലാണ്. ഇതുപോലെ തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ശബരിമല വിമാനത്താവളവും. പരിസ്ഥിതി ലോല പ്രദേശമായ ഈ മേഖലയും ഇത്തവണത്തെ കനത്ത മഴയുടെ കെടുതി അനുഭവിച്ചതാണ്.
'കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചോ, കേരളത്തില്‍ അത് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചോ നമ്മുടെ ഭരണ നേതൃത്വത്തിന് ബോധ്യമുണ്ടായി എന്ന് പറയാന്‍ കഴിയാത്ത അവസ്ഥായാണുള്ളത്'.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതാവും, സാമ്പത്തിക വിദഗ്ധനുമായ പ്രൊഫ.ടി പി കുഞ്ഞിക്കണ്ണന് പറയുന്നു. യാന്ത്രികമായ വികസന സമീപനത്തെ മുറുകെ പിടിച്ചാണ് കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വം മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറയുന്നു. ഈ സമീപനത്തെ നവലിബറല്‍ കാലഘട്ടത്തിലെ വികസന സമീപനവുമായി ചേര്‍ത്ത് നിര്‍ത്തിയാണ് ടി പി കുഞ്ഞിക്കണ്ണന് വിശദീകരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനമെന്ന് പറഞ്ഞ് നടപ്പിലാക്കുന്ന പദ്ധതികള്‍ക്കുള്ള ഊന്നലുകളാണ് നവലിബറല്‍ കാലത്തെ സമീപനത്തിന്റെ ഒരു സവിശേഷത. ഈ പദ്ധതികള്‍ അതായി മാത്രം നിലനില്ക്കുകയും നാട്ടിലെ മറ്റ് സംവിധാനങ്ങളുമായും ബന്ധിക്കപ്പെടുന്നുമില്ല' കുഞ്ഞിക്കണ്ണന് പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തെ എതിര്‍ക്കുകയല്ല ചെയ്യുന്നത്. പക്ഷെ അവയില്‍ പലതിന്റെയും സാംഗത്യമാണ് ചോദ്യം ചെയ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. 'വേറെ ഏതോ താല്പര്യത്തിനുവേണ്ടി ഇത്തരം പദ്ധതികള്‍ ഉയര്‍ന്നുവരികയാണ്. ആരോ നിര്‍ദ്ദേശിക്കുന്നു. നടപ്പിലാകുന്നു. ഇതിന്റെ ഒക്കെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് സാധാരണക്കാരാനാണ്. അതാണ് ഇപ്പോള്‍ തുടര്‍ച്ചയായി കാണുന്നത്' ' ടി പി കുഞ്ഞിക്കണ്ണന് കൂട്ടിചേര്‍ത്തു. യഥാര്‍ത്ഥത്തില്‍ ക്വാറികള്‍ വേണ്ടെന്നുള്ള നിലപാടല്ല തങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഏത് പാറകള്‍ പൊട്ടിക്കണം എന്നത് തീരുമാനിക്കേണ്ടത് സെസ്സ് പോലുള്ള ശാസ്ത്ര സ്ഥാപനങ്ങളാണ്. അല്ലാതെ കരാറുകാരല്ല, അതിനനുസരിച്ച് കേരളത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കപ്പെടണം. കേരളത്തില്‍ ഏറ്റവും പ്രധാന്യത്തോടെ സംരക്ഷിക്കപ്പെടേണ്ടത് പശ്ചിമഘട്ടവും നദികളുമാണ്. അക്കാര്യം ഉറപ്പാക്കികൊണ്ട് മാത്രമെ കേരളത്തിന് മുന്നോട്ടുപോകാന്‍ കഴിയുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ഈ നിലപാട് സാധൂകരിക്കുന്നതാണ്. കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍ പത്തുപേര്‍ക്കാണ് ജീവന് നഷ്ടമായത്. ഇവിടുത്തെ ക്വാറികള്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണെന്ന് 2015 ല്‍ തന്നെ ജൈവ വൈവിധ്യ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇവിടുത്തെ കുന്നുകള്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ നേരിടുന്നുവെന്നും ഖനനം നിര്‍ത്തണമെന്നുമായിരുന്നു സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. പാരിസ്ഥിതാഘാത പഠനം നടത്തണമെന്നും ബോര്‍ഡ് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ സര്‍ക്കാരുകള്‍ അവഗണിക്കുകയാണ് ചെയ്തത്.
കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിന് സംസ്ഥാനം കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരിതം എത്ര അനുഭവിക്കുന്നുണ്ടെന്ന കാര്യം ബോധ്യപ്പെട്ടില്ലെങ്കിലും സാധാരണ കാര്‍ക്ക് കെടുതിയുടെ ആഴത്തെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടെന്ന് പറയുന്നു കാലാവസ്ഥ- ഊര്‍ജ്ജ ഗവേഷകനായ ഡോ. സി ജയശങ്കര്‍. കേരളത്തിലെ പുത്തന്‍വേലിക്കര പഞ്ചായത്ത് കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതം അനുഭവിക്കുന്ന പ്രദേശങ്ങളിലൊന്നാണ്. അവിടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉദാഹരിച്ചാണ് സി ജയശങ്കര്‍ ഇക്കാര്യം വിശദീകരിക്കുന്നത്. പെരിയാറും ചാലക്കുടിയും ചേരുന്ന മേഖലയാണ് ഇത്. വേലിയറ്റമാണ് ഇവിടുത്ത പ്രശ്നം. സ്ഥിരമായി വേലിയേറ്റ സമയത്ത് വെള്ളം കയറുന്ന നിരവധി വീടുകള്‍ ഉണ്ടെന്ന് അദ്ദേഹം പറയുന്നു. 'പലപ്പോഴും രണ്ട് മണിക്കൂറോളം സമയമെടുത്ത് വീടിനകത്ത് കയറിയ വെള്ളം കളഞ്ഞാല്‍ മാത്രമെ ഈ വീട്ടുകാര്‍ക്ക് സാധാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പറ്റുന്നുള്ളൂ. അതുകൊണ്ട് തന്നെ കാലാവസ്ഥ വ്യതിയാനം എന്താണെന്ന് ഇവര്‍ക്ക് മനസ്സിലാകുന്നുണ്ട്. ചെല്ലാനത്തെ മല്‍സ്യത്തൊഴിലാളികളോട് സംസാരിക്കുമ്പോഴും ഇപ്പോള്‍ മത്തി കിട്ടുന്നതിന്റെ അളവ് കുറയുന്നുവെന്ന് അവര്‍ പറയുന്നു. അറബിക്കടലിലെ ചൂട് കൂടിയത് കൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് അവര്‍ക്ക് പറയുമ്പോള്‍ മനസ്സിലാകുന്നുണ്ട്.് എന്നാല്‍ കേരളത്തില്‍ വികസനം എന്ന് പറഞ്ഞാല്‍ കെട്ടിട നിര്‍മ്മാണവും ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനവുമാണെന്ന് കരുതുന്നവര്‍ക്കാണ് ഇത് മനസ്സിലാകാത്തത്' ജയശങ്കര്‍ കൂട്ടിചേര്‍ത്തു.
എന്നാല്‍ കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രശ്നത്തില്‍ കേരളത്തിന് മാത്രം എന്ത് ചെയ്യാന്‍ കഴിയുമെന്ന ചോദ്യമാണ് വന്‍കിട വികസനത്തിന് വേണ്ടി വാദിക്കുന്നവര്‍ ചോദിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്ന നടപടികള്‍ കൂടുതല്‍ ഉണ്ടാകുന്നത് വികസിത രാജ്യങ്ങളുടെ ഭാഗത്തുനിന്നാണെന്നും അതുകൊണ്ട് തന്നെ കാലവസ്ഥ വ്യതിയാനത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായും ഏറ്റെടുത്ത് വികസന പരിപാടികളില്‍നിന്ന് പിന്നാക്കം പോയാല്‍ അതിന്റെ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്ന് വാദവും ഇവര്‍ ഉന്നയിക്കുന്നു. എല്ലാകാലത്തും പ്രകൃതിയില്‍ ഇടപെട്ട് മാത്രമെ മനുഷ്യന് മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടുള്ളുവെന്ന കാര്യവും ഇവര്‍ ആവര്‍ത്തിക്കുന്നു.
എന്നാല്‍ ഈ വാദത്തെ ജയരാമന് തള്ളി കളയുന്നു. ഭൂ മധ്യ രേഖയ്ക്ക് അടുത്തു കിടക്കുന്ന പ്രദേശമെന്ന നിലയില്‍ ലോകത്തിന്റെ തന്നെ കാലാവസ്ഥയെ സ്വാധീനിക്കുന്നതില്‍ ഇന്ത്യയും കേരളമടക്കമുള്ള പ്രദേശങ്ങളിലെ ചലനങ്ങള്‍ പ്രധാനമാണെന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ട് തന്നെ ഇവിടെ നടത്തുന്ന വലിയ ഇടപെടലുകള്‍ക്ക് താരതമ്യേന വലിയ ആഘാതം സൃഷ്ടിക്കാന്‍ ശേഷിയുണ്ടെന്നുമാണ് ജയരാമന് പറയുന്നത്.
ഇത്തരം ആശങ്കകളൊന്നും സര്‍ക്കാരിനെ ബാധിച്ചിട്ടില്ലെന്ന് വേണം കരുതാന്‍. 2018 ന് ശേഷമുണ്ടായ പ്രളയങ്ങളും പ്രകൃതി ക്ഷോഭങ്ങളുടെയും ഫലമായി കേരളത്തിന്റെ വികസന സമീപനങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടില്ലെന്നത് ഇതിന്റെ തെളിവാണ്. കെ റെയില്‍ പദ്ധതി മുതലുള്ള എല്ലാ വന്‍കിട പദ്ധതികളും നടപ്പിലാക്കുമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ നിലപാട്. ഇതുള്‍പ്പെടെയുള്ള വന്‍കിട പദ്ധതികളുടെ പരിസ്ഥിതി ആഘാത റിപ്പോര്‍ട്ടിനെക്കുറിച്ച് അടക്കമുള്ള കാര്യങ്ങളില്‍ വിദഗ്ധര്‍ തന്നെ സംശയങ്ങള്‍ ഉന്നയിക്കുകയും കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരിതങ്ങള്‍ തുടര്‍ക്കഥയായി മാറുകയും ചെയ്യുമ്പോഴാണ് ഇത്തരം സമീപനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നതാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പിന് കാരണമാകുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!