എന്‍ഡോസള്‍ഫാന്‍ അശാസ്ത്രീയമായി കുഴിച്ചുമൂടാന്‍ ശ്രമം: ആശങ്കയില്‍ നാട്ടുകാര്‍
എന്റോസള്ഫാന് രോഗബാധിതര്‍ക്ക് മതിയായ ചികില്‍സ കാസര്‍കോട് തന്നെ ലഭ്യമാക്കാന്‍ നടപടിയുണ്ടാകണമെന്ന് ആവശ്യപെട്ട സമരം ചെയ്യുന്നതിനിടെയാണ് പുതിയ വിഷയം
1975 ല്‍ കാസര്‍കോട്ടെ കശുമാവിന് തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചതിനെ തുടര്‍ന്ന് തലമുറകളായി അനുഭവിക്കുന്ന ദുരന്തത്തിന് ആക്കം കൂട്ടി ജില്ലാ അധികൃതരുടെ നടപടി. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന രോഗികള്‍ക്ക് കാസര്‍കോട് തന്നെ വിദഗ്ധ ചികില്‍സ ലഭ്യമാക്കണമെന്ന ആവശ്യത്തില്‍ തീരുമാനമെടുക്കാതെ വൈകിപ്പിക്കുമ്പോഴാണ് ദുരിത ബാധിതര്‍ക്ക് മറ്റൊരു സമര രംഗത്തേക്ക് ഇറങ്ങേണ്ടി വരുന്നത്. ഉപയോഗം നിര്‍ത്തിയതിന് ശേഷമുള്ള എന്‍ഡോസള്‍ഫാന്‍ പ്രദേശത്ത് തന്നെ കുഴിച്ചുമൂടുന്നതിനുള്ള നീക്കമാണ് ഇപ്പോള്‍ ഈ പ്രദേശത്തുകാരെ ആശങ്കയിലാഴ്ത്തുന്നത്. ഇതിനെതിരെ പ്രക്ഷോഭം ശക്തമാക്കുകയാണ് പ്രദേശവാസികളും എന്‍ഡോസള്‍ഫാന്‍ ഇരകളും.
ബാക്കിവന്ന എന്‍ഡോസള്‍ഫാന്‍ പെരിയ, ചീമേനി, രാജപുരം എന്നിവടങ്ങളിലെ പ്ലാന്റേഷന് കോര്‍പ്പറേഷന്റെ ഗോഡൗണുകളില്‍ കുഴിച്ചുമൂടാനുള്ള നീക്കം നടക്കുന്നുവെന്നാണ് എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍ഢ്യ സമിതി ആരോപിക്കുന്നത്. ഇതിനായി കോമ്പൗണ്ടുകളില്‍ കുഴികളെടുക്കുന്നതായാണ് ആരോപണം.
ഗോഡൗണുകള്‍ക്ക് സമീപം കുഴിയെടുത്ത് കേരള കാര്‍ഷിക സര്‍വകലാശാലയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് എന്‍ഡോസള്‍ഫാന്‍ സംസ്കരിക്കാനുള്ള ധൃതി പിടിച്ച നീക്കം പാരിസ്ഥിതികവും ആരോഗ്യപരവുമായ ഒട്ടേറെ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന ആശങ്കയാണ് നാട്ടുകാരും എന്‍ഡോസള്‍ഫാന്‍ ഇരകളും കരുതുന്നത്.
എന്‍ഡോസള്‍ഫാന്‍ ഉപയോഗം നിരോധിച്ചതിന് ശേഷം ബാക്കി വന്ന രാസവസ്തു എന്ത് ചെയ്യണമെന്ന കാര്യത്തില്‍ നേരത്തെ തന്നെ ആലോചനകള്‍ നടന്നിരുന്നു. 2012 ല്‍, ബാക്കിവന്ന എന്‍ഡോസള്‍ഫാന്‍ അന്തരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരം സംസ്ക്കരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി വിദഗ്ധരും എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാതാക്കളായ കമ്പനി ഉടമകളും ചേര്‍ന്ന യോഗത്തിന് ശേഷം രാസവസ്തു ഹൈ ഡെന്‍സിറ്റി പോളി എത്തിലിന്‍ -എച്ച് ഡി എം എല്‍- ഡ്രമുകളിലേക്ക് മാറ്റുകയും ചെയ്തു. അന്ന് തീരുമാനിച്ചത് മൂന്ന് മാസത്തിനകം എന്‍ഡോസള്‍ഫാന്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ച് നിര്വീര്യമാക്കുമെന്നായിരുന്നു. എന്നാല്‍ നിര്‍വീര്യമാക്കല്‍ പക്രിയ പിന്നീട് നീണ്ടുപോകുകയായിരുന്നു. അതാണ് ഇപ്പോള്‍ ശാസ്ത്രീയമല്ലാത്ത രീതിയില്‍ സംസ്ക്കരിക്കാന്‍ ശ്രമം നടത്തുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നത്.
'അങ്ങേയറ്റം ഉത്തരവാദിത്ത രഹിതമായിട്ടാണ് ഇക്കാര്യത്തില്‍ നടപടികള്‍ മുന്നോട്ടുപോകുന്നത്. നിരവധി പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്ന ജനങ്ങളിലാണ് എന്റോസള്ഫാന് അശാസ്ത്രീയമായി സംസ്ക്കരിക്കുമെന്ന വാര്‍ത്തകള്‍ ആശങ്കകള്‍ നിറയ്ക്കുന്നത്. ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുത്താന്‍ അധികൃതര്‍ തയ്യാറാകുകയാണ് വേണ്ടത്' എന്റോസള്ഫാന് സമര ഐക്യദാര്‍ഢ്യ സമിതി ചെയര്മാന് ഡോ. സോണിയ ജോര്‍ജ്ജ് പറഞ്ഞു. ജനങ്ങളുടെ ആരോഗ്യത്തില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുന്ന വിഷയത്തില്‍ ഇനിയും ജനങ്ങളുടെ ജീവിതം കൊണ്ട് പന്താടാതെ കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നും അവര്‍ പറഞ്ഞു. എന്റോസള്ഫാന് നിര്‍വീര്യമാക്കുന്നതിന് ഇപ്പോള്‍ ആശ്രയിക്കുന്ന കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് ഇക്കാര്യത്തില്‍ സാങ്കേതിക വൈദഗ്ധ്യം ഇല്ലെന്നും അവര്‍ ആരോപിച്ചു. രാസവസ്തുക്കള്‍ നീര്വീര്യമാക്കുന്നതിന് മലീനികരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരവും സര്‍വകലാശാലയ്ക്ക് ഇല്ലെന്ന് അവര്‍ പറഞ്ഞു. ഇതില്‍ വൈദഗ്ധ്യം നേടിയിട്ടുള്ളത് നാഗ്പൂരിലെ നാഷണല്‍ എന്‍വയണ്‍മെന്റ് എഞ്ചിനിയറിംങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങളാണ് ഇത് നടത്തേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
1438 ലിറ്റര്‍ എന്റോസള്‍ഫാനാണ് നിര്‍വീര്യമാക്കി സംസ്ക്കരിക്കേണ്ടത്. ഇതിലുണ്ടായ രാസ മാറ്റങ്ങള്‍ പരിശോധിച്ച് വേണം എങ്ങനെ സംസ്ക്കരിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടതെന്നുമാണ് നാട്ടുകാരുടെയും വിദഗ്ധരുടെയും അഭിപ്രായം. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ നടന്നിട്ടില്ലെന്ന് മാത്രമല്ല, ജനങ്ങളെ വിശ്വാസത്തിലെടുത്തിട്ടില്ലെന്നും ഇവര്‍ പറയുന്നു.
'തലമുറകളായി തന്നെ ദുരന്തം അനുഭവിക്കേണ്ടി വന്നവരാണ് ഈ നാട്ടിലുള്ളവര്‍. ചികില്‍സയ്ക്കുപോലും സമരം ചെയ്യേണ്ടിവരുന്നവര്‍.അങ്ങനെയുള്ളവരോടാണ് വീണ്ടും ഇത്തരത്തിലുള്ള സമീപനങ്ങള്‍ അധികൃതര്‍ സ്വീകരിക്കുന്നത്.' എന്റോസള്ഫാന് പീഡിത ജനകീയ മുന്നണി കണ്‍വീനര്‍ മുനീസ അമ്പലത്തറ പറഞ്ഞു
മാരക കീടനാശിനികള്‍ നിര്‍വീര്യമാക്കി സംസ്ക്കരിക്കാന്‍ ഇരട്ട ചേംബര്‍ സൗകര്യമുള്ള 30 മീറ്റര്‍ അധികം ഉയരമുള്ള പുകകുഴലുള്ള ആധുനിക സംസ്ക്കരണ പ്ലാന്റ് ആവശ്യമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. നേരത്ത 2012 അവശേഷിക്കുന്ന എന്റോസള്ഫാന് നിര്‍വീര്യമാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഗുജറാത്തിലെയോ മഹരാഷ്ട്രയിലെയോ ഇത്തരം കാര്യങ്ങള്‍ക്ക് സൗകര്യമുളള സംസ്ക്കരണ പ്ലാന്റുകളിലേക്ക് അയക്കണം എന്ന് തീരുമാനിച്ചതായും സമര സമിതി പറയുന്നു. എന്റോസള്ഫാന് പെര്‍സിസ്റ്റന്റ് ഓര്‍ഗാനിക്ക് പൊലൂട്ടന്റ് (POP) ആയി പ്രഖ്യാപിക്കുന്നതിന് മുമ്പാണ് ഇത്രയും കരുതലോടെ മാത്രമെ അവശിഷ്ട കീടനാശിനി നശിപ്പിക്കാവൂവെന്ന് തീരുമാനിച്ചത്. എന്നാല്‍ അതിന് ശേഷമാണ് അലസമായി കീടനാശിനി നശിപ്പിക്കാനുള്ള തീരുമാനം അധികൃതര്‍ കൈകൊള്ളുന്നതെന്നാണ് ആക്ഷേപം. ഇക്കാര്യത്തില്‍ ശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തുന്ന നീക്കങ്ങള്‍ ഗുരുതരമായ അപകടം ക്ഷണിച്ചുവരുത്തുമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

എന്റോസള്ഫാന് സംസ്ക്കിരിക്കുന്നതിന് എല്ലാ വിദഗ്ദരുടെയും അന്താരാഷ്ട്ര ഏജന്സികളുടെും പിന്തുണ ഉറപ്പാക്കണമെന്നും അതിന് ശേഷം നടത്തുന്ന സുതാര്യമായ ടെന്റര്‍ നടപടികളിലൂടെയാണ് എന്റോസള്ഫാന് സംസ്ക്കാരിക്കേണ്ടതെന്നും ഇവര്‍ പറയുന്നു. ജില്ലാ അധികൃതര്‍ നടത്തുന്ന അശാസ്ത്രീയ നീക്കത്തില്‍നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരിക്കയാണ് സമര സമിതി. ഇതേ ആവശ്യം ഉന്നയിച്ച് അവര്‍ സമരവും തുടങ്ങി കഴിഞ്ഞു.
എന്റോസള്ഫാന് രോഗബാധിതര്‍ക്ക് മതിയായ ചികില്‍സ കാസര്‍കോട് തന്നെ ലഭ്യമാക്കാന്‍ നടപടിയുണ്ടാകണമെന്ന് ആവശ്യപെട്ട സമരം ചെയ്യുന്നതിനിടെയാണ് പുതിയ വിഷയം ഉയര്‍ന്നുവരുന്നത്. കാസര്‍കോട് ന്യൂറോളജിസ്റ്റ് അടക്കമുള്ള വിദഗ്ധ ചികില്‍സകരെ ലഭ്യമാക്കണമെന്നാണ് രോഗികളും ബന്ധുക്കളും ആവശ്യപ്പെടുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!