ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും ഉയർന്നുവരികയാണ് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി എന്നവിഷയം. ഈ വിഷയത്തെ മുൻകാലങ്ങളിലെന്ന പോലെ പരിസ്ഥിതിയും വികസനവും എന്ന ദ്വന്ദത്തിലേക്ക് ചുരുക്കി വിവാദമാക്കാമാനാണ് ശ്രമിക്കുന്നത്. എന്നാൽ, അതിനിടയിൽ എല്ലാവരും സൗകര്യപൂർവ്വം മറന്നുപോകുന്നതോ മറച്ചുവെക്കുന്നതോ ആയ നൈതികതയുടെ ഒരു ഘടകം ഇതിലുണ്ട്.
അതിരപ്പിള്ളി പദ്ധതി ഒരു പരിസ്ഥിതി പ്രശ്നമോ വികസന പ്രശ്നമോ മാത്രമായല്ല, അതിലുപരി ഒരു സാമൂഹിക നീതി പ്രശ്നമായി കാണേണ്ട വിഷയമാണ്. .കേവലം പരിസ്ഥിതി/വികസനദ്വന്ദത്തിൽ മാത്രം ചുരുക്കേണ്ടുന്ന വിഷയവുമല്ല. അതിനപ്പുറം ഓരോ വികസന പദ്ധതിയിലും വരുന്ന സാമൂഹിക നീതിയുടെ പ്രശ്നവും ഉൾച്ചേർന്നിട്ടുണ്ട്. ഈ അടിസ്ഥാന വിഷയം ചർച്ച ചെയ്യേണ്ടതിന് പകരം കേന്ദ്ര താൽപ്പര്യമാണോ കേരള സർക്കാരിന്റെ താൽപ്പര്യമാണോ ഈ പദ്ധതിയ്ക്ക് ഇപ്പോൾ എൻ ഒ സി ലഭിക്കാൻ കാരണമായത് എന്ന കക്ഷി രാഷ്ട്രീയ കരുനീക്കങ്ങളിലേക്ക് ചുരുക്കേണ്ടതുമല്ല ഈ വിഷയം.
2006ലെ വനാവകാശ നിയമം വനത്തിനുള്ളിൽ ജീവിക്കുന്ന ആദിവാസി വിഭാഗങ്ങൾക്ക് കമ്യൂണിറ്റി റൈറ്റ്സ് അനുവദിച്ചിട്ടുണ്ട്. ഈ നിയമം നടപ്പാക്കിയ ഒമ്പത് ആദിവാസി ഊരുകള് അതിരപ്പിള്ളിവാഴച്ചാല് വനമേഖലയിലാണ്. ഈ മേഖലയുടെ സംരക്ഷണാധികാരം വനാവകാശ നിയമപ്രകാരം വാഴച്ചാല് ഊരുകൂട്ടത്തിനാണ്.
വനാവകാശ നിയമപ്രകാരം വനമേഖല വനേതര അവശ്യങ്ങള്ക്കായി വിനിയോഗിക്കുന്നതിന് ഊരുകൂട്ടത്തിന്റെ അനുമതി നിര്ബന്ധമാണ്. അതിരപ്പള്ളി പദ്ധതിയുമായി ബന്ധപ്പെട്ടു ഗോത്ര വിഭാഗമായ കാടർ സമുദായത്തിന് വനാവകാശ നിയമപ്രകാരമുള്ള അവകാശത്തെ പറ്റി ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള പശ്ചിമഘട്ട സമിതി റിപ്പോർട്ട് പറയുന്നുണ്ട്. ഇതിനെ കുറിച്ചു വിശദിക്കരിക്കാൻ റിപ്പോർട്ടിൽ അനുബന്ധമായി ചേർത്തിക്കുന്ന ഭാഗങ്ങൾ ഒരല്പം ദീർഘമായി തന്നെ ഉദ്ധരിക്കുന്നു. ഇങ്ങനെ ദീർഘമായി ഉദ്ധരിക്കേണ്ടി വരുന്നത് ഗാഡ്ഗിൽ കമ്മിറ്റി തന്നെ വനാവകാശനിയമത്തിന്റെ ലംഘനമാണ് അതിരപ്പിള്ളി എന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാനാണ്. പോരെങ്കിൽ ആദിവാസികളെ കാര്യങ്ങൾശരിയായി ബോധിപ്പിക്കാതെയാണ് അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടു പോയത് എന്നും ഈ റിപ്പോർട്ടിൽ നിന്നും മനസിലാക്കാം.
അജിത് വെണ്ണിയൂർ, ഹരിദാസൻ ഉണ്ണിത്താൻ, ഡോ.സി.എസ് ഗോപകുമാർ എന്നിവർ ചേർന്ന് പരിഭാഷപ്പെടുത്തി ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധികരിച്ച ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ അനുബന്ധത്തിൽ പറയുന്നത് ഇങ്ങനെയാണ്:
``വളരെ പ്രാചീനമായ ഒരു ഗിരിവർഗവിഭാഗമാണ് കാടർ. എങ്കിലും അവരുടെ സാമൂഹ്യമോ ആവാസകേന്ദ്രപരമോ ആയ അവകാശ ങ്ങൾ ഒന്നുംതന്നെ ചർച്ച ചെയ്യുകയോ സ്ഥാപിച്ചെടു ക്കുകയോ ചെയ്തിട്ടില്ല. ഓരോ ആവാസകേന്ദ്രത്തിനുമുള്ള വന അവകാശ സമിതിയെ തിരഞ്ഞെടുത്തത് ചട്ടങ്ങൾ പാലിക്കാതെയും ഗ്രാമസഭകളെ ഒഴിവാക്കിയുമാണ്. വന അവകാശനിയമത്തെയും ചട്ടത്തെയും അതിന്റെ പ്രാധാന്യത്തെയും പറ്റി കാടർക്കോ, ഗിരി വർഗ വകുപ്പിനോ, വനംവകുപ്പിനോ കാര്യമായ വിവരമില്ല. പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നതു സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകൾ തമ്മിൽ യാതൊരു ഏകോപനവുമില്ല.

ബോധവൽക്കരണത്തിനുള്ള പരിശീലന പരിപാടികൾ നടത്താതിരിക്കുകയോ നടത്തിയവ താഴേതട്ടിലേക്ക് എത്താതിരിക്കുകയോ ചെയ്യാം.
"ഇന്ത്യയിലെ ജാതികൾ അതിന്റെ സ്വഭാവം, പ്രവർത്തനം, ഉത്ഭവം എന്ന പുസ്തകത്തിൽ ജെ എച്ച് ഹട്ടൻ, കാടർ ഗിരിവർഗത്തിന്റെ പ്രാധാന്യം എടുത്തുപറയുന്നുണ്ട്. ഒരുപക്ഷെ ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രാചീനമായ ഗിരിജനങ്ങളാണ് കൊച്ചി സംസ്ഥാനത്തെ കാടർ.
കാടർ ഗിരിവർഗത്തിന്റെ പ്രാധാന്യം പല നരവംശ പഠനങ്ങളിലുംവ്യക്തമായിട്ടുണ്ട്. ചാലക്കുടി നദീതടത്തിലെ വനങ്ങളിൽ മാത്രം കണ്ടിരുന്ന ഇവർ പ്രാചീന വേട്ടക്കാരും ഭക്ഷണം സമാഹരിക്കുന്നവരുമാണ്. സെൻസസ് പ്രകാരം ഇവരുടെ സംഖ്യ 1500ൽ താഴെയാണ്. പൂർണ്ണമായും വനത്തെയും ചെറിയ വന്യജീവികളെയും നദിയിലെ മത്സ്യങ്ങളെയും കിഴങ്ങുകൾ, തേൻ, മറ്റ് ചെറിയ വന ഉൽപ്പന്നങ്ങളേയും ആശ്രയിച്ച് കാട്ടിൽ തന്നെയാണ് ഇവരുടെ ജീവിതം.
തോട്ടങ്ങൾക്കു വേണ്ടിയുള്ള വനനശീകരണവും അണക്കെട്ടുനിർമ്മാണവും മൂലം അവരുടെ കുടികൾ വെള്ളത്തിനടിയിലായതു കാരണം കഴിഞ്ഞ ഒന്നര നൂറ്റാണ്ടായി മാറി മാറി ഇപ്പോളവർ നദിയുടെ പ്രധാന താഴ്വര യിൽ സ്ഥിരതാമസമാണ്. വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനിലെ 413 ചതുരശ്ര കിലോ മീറ്ററിൽ എട്ട് കാടർ കുടികളാണ് അവശേഷിക്കുന്നത്. ഇവയിൽ രണ്ടെണ്ണം - വാഴച്ചാൽ, പൊകലപ്പാറ കുടികൾ, അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ തന്ത്രപ്രധാനഭാഗത്താണ് അവരുടെ യഥാർത്ഥ വന ആവാസ കേന്ദ്രം പലപ്പോഴായി നശിപ്പിക്കപ്പെട്ടു നേരത്തെ പറഞ്ഞ രണ്ട് കുടികളിലുള്ളവർ ഇപ്പോൾ ജീവിക്കുന്നത് സംസ്ഥാന വനം വകുപ്പിന്റെ കീഴിലുള്ള വനസംരക്ഷണസമിതി പ്രവർത്തനങ്ങളുടെ സഹായത്താലാണ്.
പൊകലപ്പാറ, വാഴച്ചാൽ കുടികളിലെ ഏതാനും പേരൊഴിച്ചാൽ മറ്റുള്ളവർക്കാർക്കും വനഅവകാശനിയമത്തെ പറ്റിയോ അതിന്റെ സാദ്ധ്യതകളെ പറ്റിയോ യാതൊരു വിവരവുമില്ല, അറിയാവുന്ന രണ്ടോ മൂന്നോ കാടർക്ക് ഇങ്ങനെ ഒരു നിയമമുണ്ടെന്നും അത് അവരുടെ അവകാശങ്ങൾ പുനഃ സ്ഥാപിക്കാനും അംഗീകരിക്കാനും വേണ്ടിയുള്ളതാണെന്നും മാത്രമേ അറിയൂ അവർക്ക് അർഹതപ്പെട്ട വിവിധ വനഅവകാശങ്ങളെപ്പറ്റിയും നിയമത്തിന്റെ രണ്ടാം അദ്ധ്യായത്തിലെ മൂന്നാം വകുപ്പു പ്രകാരം അവകാശപ്പെടാവുന്ന ആനുകൂല്യങ്ങളെ പറ്റിയും അവർക്ക് അറിവില്ല.
വിവിധ വകുപ്പുകളിൽ നിന്നും കാടരിൽ നിന്നും ശേഖരിച്ച തെളിവുകൾ പ്രകാരം ഗ്രാമസഭ കളെ ബന്ധപ്പെടുത്താതെയാണ് വനാവകാശ സമിതികൾ രൂപീകരിച്ചത് നിയമത്തിന്റെ വിശദാംശ ങ്ങൾ കാടരെ പറഞ്ഞു മനസിലാക്കാതെ ആദ്യയോഗത്തിൽ തന്നെ ഗിരിവർഗവകുപ്പ് വനഅവകാശ സമിതികൾ രൂപീകരിച്ചു. സമിതി അംഗങ്ങൾക്ക് ഇതു സംബന്ധിച്ച് പരിശീലനം നൽകുമെന്നാണ് വകുപ്പ് അധികൃതർ ആദ്യം അറിയിച്ചത് എന്നാൽ ഒരു പരിശീലനപരിപാടിയും നടത്തിയി ല്ലെന്നാണ് അവർ പറയുന്നത്. ഗ്രാമസഭയിലൂടെ സമിതി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് പകരം ജില്ലാകളക്ടറേറ്റിലെയും ഗിരിവർഗ വകുപ്പിലെയും അതിരപ്പള്ളിപഞ്ചായത്തിലെയും പ്രതിനിധി കൾ കുടികൾ സന്ദർശിച്ച് യോഗം നടത്തി സമിതി അംഗങ്ങളെ നിശ്ചയിക്കുകയാണുണ്ടായത്. നിയമത്തിൽ വ്യവസ്ഥചെയ്തിട്ടുള്ള സാമൂഹിക അവകാശങ്ങളെ പറ്റി അവർ വിവരിച്ചില്ല.
കുറച്ച് വന ഭൂമി ആവശ്യപ്പെട്ടാൽ അത് തരാമെന്നുമാത്രം ഉദ്യോഗസ്ഥർ അവരോട് പറഞ്ഞു. ചില കോളനികളിൽ സമിതി അംഗങ്ങൾ തന്നെയാണ് ഇവർക്ക് ഫോറം പൂരിപ്പിച്ചു നൽകിയത്. എന്നാൽ ഏറെ സ്ഥലത്തും പ്രാമോട്ടർമാരാണ് ഈ ജോലി ചെയ്തത്. ഗിരിവർഗ വകു പ്പിന്റെ നിർദ്ദേശാനുസരണം ഇവരുടെ കുടികൾക്കടുത്തുള്ള എട്ട് മുതൽ 10 വരെ ഏക്കർ സ്ഥലത്തിന് ഇവർ അപേക്ഷ നൽകി. പൂരിപ്പിച്ചഫോറങ്ങൾ പഞ്ചായത്തിൽ നൽകിയത് അവർ ഗിരിവർഗ വകുപ്പിന് കൈമാറി. സമിതി അംഗങ്ങളെ അറിയിക്കാതെ റവന്യുവകുപ്പ് ഓരോ കോളനിയിലും സർവ്വെ നടത്തിയത് ചില തർക്കങ്ങൾക്ക് കാരണമായി.
ഇത് നടപ്പാക്കുന്ന പ്രക്രിയയിൽ നിർണ്ണായക ഘട്ടത്തിലൊന്നും വനം വകുപ്പിനെ ബന്ധപ്പെടുത്തിയില്ല. നിയമപ്രകാരം ഗ്രാമസഭകൾക്ക് സബ്ഡിവിഷൻ തല സമിതി മാർഗ നിർദ്ദേശങ്ങൾ നൽകണം. വനാവകാശ സമിതി അംഗങ്ങളെ തിരഞ്ഞെടുക്കുകയും ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ വാഴച്ചാൽ ഡിവിഷനിൽ സമർപ്പിക്കുകയും ചെയ്ത ശേഷമാണ് സബ് -ഡിവിഷൻ തല സമിതിയുടെ ആദ്യയോഗം ചേർന്നത്. ഈ യോഗത്തിൽ ഗിരിവർഗക്കാരോ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളോ പങ്കെടുത്തില്ല. വന അവകാശസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് വനം വകുപ്പും അറിഞ്ഞില്ല അപേക്ഷ ഫയൽ ചെയ്യും മുൻപ് വനഅവകാശ സമിതികൾക്ക് സബ് -ഡിവിഷൻ സമിതി എന്തെങ്കിലും വിവരമോ ഭൂപടമോ നൽകിയില്ല വനവിഭവങ്ങളുടെ കസ്റ്റോഡിയൻ വനം വകുപ്പായതിനാൽ ഓരോ കുടിയിലെയും ഭൂമിയുടെ വിശദാംശങ്ങളും സൂക്ഷ്മ പ്ലാനുകളും അപേക്ഷ എപ്രകാരം പൂരിപ്പിച്ചു നൽകണമെന്ന വിവരങ്ങളും അവരുടെ കൈവശമുണ്ട്.
ഗിരിവർഗവകുപ്പ് ഉദ്യോഗസ്ഥർക്കും പഞ്ചായത്ത് പ്രസിഡന്റുമാർക്കും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രഷനും ഇതു സംബന്ധിച്ച പരിശീലനം നൽകിയിരുന്നു നിർഭാഗ്യവശാൽ ഈ പരിശീലനത്തിന്റെ പ്രയോജനം ഗിരിവർഗക്കാരിലെത്തിയില്ല.
അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ ഗ്രാമസഭ വിളിച്ചുകൂട്ടിയിരുന്നു എന്നാൽ വന അവകാശ നിയമത്തെപറ്റി ചർച്ച ചെയ്യാനോ വനഅവകാശ സമിതി അംഗങ്ങളെ തിരഞ്ഞെടുക്കാനോ പ്രത്യേ കമായി ഗ്രാമസഭയോ ഊരുകൂട്ടമോ കൂടിയിട്ടില്ല അംഗങ്ങളുടെ തിരഞ്ഞെടുപ്പിനുശേഷവും ഈ നിയമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഗ്രാമസഭകളിൽ ചർച്ച ചെയ്യപ്പെട്ടില്ല.
കാടർക്ക് അവർ ഇപ്പോൾ താമസിക്കുന്ന വനഭൂമിയിൽ രേഖാമൂലം അവകാശം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതുതന്നെ ശരിയായ നടപടിക്രമം പാലിക്കാതെയും നിയമത്തെ പറ്റി കാടർക്ക് വേണ്ടത്ര അറിവ് പകർന്നു നൽകാതെയും വനം-ഗിരിവർഗ വകുപ്പുകൾ തമ്മിൽ യാതൊരു ഏകോപിത പ്രവർത്തനവും ഇല്ലാതെയുമാണ് ചെയ്തിട്ടുള്ളത്. സാമൂഹിക അഥവാ ആവാസ അവകാശങ്ങൾ കാടരുമായി ചർച്ചചെയ്തിട്ടില്ല. ഡിവിഷനിലെ കാടർ കുടികളിലെല്ലാം ഇതുസംബന്ധിച്ച ഗൗരവതരമായ ചർച്ച നടത്തണം,'' ഗാഡ്ഗിൽ പറയുന്നു.

ഗാഡ്ഗിലിനെ ദീർഘമായി ഉദ്ധരിച്ചത് വനാവകാശ നിയമത്തെ ഒട്ടും കാണിക്കിലെടുത്തിട്ടല്ല അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കിയത് എന്ന് സൂചിപ്പിക്കാനാണ്. പോരെങ്കിൽ പദ്ധതി നടപ്പിലാക്കപ്പെടുന്ന പ്രദേശത്തെ കാടർ സമുദായ അംഗങ്ങളെ ആവാസ അവകാശങ്ങളെ കുറിച്ച് ബോധവാന്മാരാക്കുന്നതിനു പട്ടിക വർഗ വികസന വകുപ്പ് പരാജയപ്പെടുന്നുവെന്നും റിപ്പോർട്ടിൽ നിന്നും മനസിലാക്കാം.
ഇത്തരം അവകാശങ്ങളെ കുറിച്ച് ബോധവാന്മാരക്കാതെയിരു ന്നതിന് പിന്നിൽ അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്ന ഉദ്ദേശമുള്ള സ്ഥാപിത താൽപ്പര്യക്കാരുടെ ഇടപെടലും സംശയിക്കാവുന്നതാണ്.
എന്ത് കൊണ്ടാണ് കാടർ സമുദായത്തെ സംബന്ധിച്ച് അതിരപ്പിള്ളി പ്രദേശം പ്രധാനമാവുന്നത് എന്നതാണ്. കേരളത്തിൽ കാടാർ സമുദായത്തിൽപ്പെട്ട ആദിവാസികളിൽ ആകെയുള്ള 2736 പേരിൽ 1844 പേരും താമസിക്കുന്നത് ചാലക്കുടി നദീതടത്തിലാണ്. ഇവരിൽ 60 കുടുംബങ്ങളെ അതായത് 320 പേരെ പദ്ധതിപ്രദേശത്ത് നിന്ന് മാറ്റി താമസിപ്പിക്കേണ്ടി വരും. കാട് അവർക്ക് ഉപവജീവന സ്രോതസ്സാണെന്ന് മനസിലാക്കണം.
അതിരപ്പിള്ളി പദ്ധതി വേണോ വേണ്ടയോ എന്ന ഇവരോട് ചോദിച്ചപ്പോൾ 320 പേരിൽ 316 പേരും വേണ്ട എന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. കാടാർ സമുദായത്തിൽ ഉള്ളവർ. വനാവകാശനിയമ പ്രകാരം ഇവരുടെ അംഗീകാരത്തോടെ മാത്രമേ ഏത് പദ്ധതിയും നടപ്പിലാക്കാൻ കഴിയൂ എന്ന വ്യവസ്ഥയുണ്ട്. അതിനാൽ തന്നെ ഈ കാരണം കൊണ്ട് തന്നെ ഈ പദ്ധതി ഉപേക്ഷിക്കപ്പെടേണ്ടതാണ്.
പോരെങ്കിൽ 2002, 2006 വർഷങ്ങളിലെ പൊതു തെളിവെടുപ്പിൽ കാടർ സമുദായം ഈ പദ്ധതിയോടുള്ള എതിർപ്പ് ശക്തമായി പ്രകടിപ്പിക്കുകയും ചെയ്തു. 2007ൽ റിവർവാലി എക്സ്പെർട്ട് കമ്മിറ്റിക്ക് മുമ്പാകെയും സമുദായം ഇതേ നിലപാടാണ് എടുത്തത്. വാഴച്ചാൽ ഊരുമൂപ്പത്തിയായ കെ.ഗീതയുടെ പരാതിപ്രകാരം സംസ്ഥാന ട്രൈബൽ റീഹാബിലിറ്റേഷൻ കമ്മിഷണർ സ്ഥലം സന്ദർച്ചിരുന്നു എന്ന് കൂടി ഓർക്കേണ്ടതുണ്ട്. .
അങ്കണവാടി അധ്യാപിക കൂടിയായ ഗീത പദ്ധതിക്കെതിരെ 2005, 2007 വർഷങ്ങളിൽ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. 2015 ഓഗസ്റ്റിൽ വാഴച്ചാൽ കാടർ ഊരുകൂട്ടം അതിരപ്പിള്ളി പദ്ധതിക്കെതിരെപ്രമേയം പാസാക്കുകയും ചെയ്തിട്ടുണ്ടെന്ന് ഗീത ഓർമ്മിപ്പിക്കുന്നു. ഇപ്പോൾ ഈ പദ്ധതിക്ക് എൻ ഒ സി നൽകുന്നതിന് മുമ്പ് സംസ്ഥാന സർക്കാർ ഈ വിഷയത്തെ കുറിച്ച ഊര് സഭയോട് അഭിപ്രായം ചോദിച്ചിരുന്നില്ലെന്നും ഗീത വ്യക്തമാക്കി.
നടപ്പാക്കനല്ലാത്ത ഒരു പദ്ധതിക്ക് വേണ്ടി പഠനം നടത്താൻ എന്തിനാണ് എൻ ഒ സി നൽകുന്നതെന്ന് ചാലക്കുടി പുഴ സംരക്ഷണ സമിതി നേതാവ് എസ് പി രവി ചോദിക്കുന്നു. അതിരപ്പള്ളി പദ്ധതിയുടെ പാരിസ്ഥിതിക ആഘാത അസ്സെസ്സ്മെന്റിന്റെയും സോഷ്യോ ഇക്കണോമിക് സ്റ്റഡിയുടെയും കാലാവധി കഴിഞ്ഞത് കൊണ്ട് അവ വീണ്ടും നടത്താൻ എൻ ഒ സി വേണമെന്നതാണ് ഒരു വാദം. നടപ്പിലാക്കാനല്ലാത്ത ഒരു പദ്ധതിയ്ക്ക് എന്തിനാണ് ഈ പഠനങ്ങൾക്ക് വേണ്ടി എൻ ഒ സി പുതുക്കി നല്കുന്നത്. ഈ ക്ലിയറൻസുകളെക്കാൾ പ്രധാനം വനാവകാശ നിയമത്തിലെ കമ്മ്യൂണിറ്റി റൈറ്റ് പ്രകാരം ആദിവാസികളുടെ ക്ലിയറൻസാണ് എന്ന് പൊതുസമൂഹത്തിന് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ല. അത് ബോധ്യപ്പെടുത്തുന്ന തരത്തിൽ ഒരു ഡിസ്കോഴ്സ് രൂപപ്പെട്ടു വരേണ്ടതുണ്ട്, രവി കൂട്ടിച്ചേർത്തു.
പീച്ചി ഡാമിന്റെ നിർമ്മാണഘട്ടത്തിൽ അടക്കം നാലോ അഞ്ചോ തവണ ഡിസ്പ്ലെസ് ചെയ്യപ്പെട്ടതിന് ശേഷമാണ് ഇപ്പോഴത്തെ ആവാസ വ്യവസ്ഥയിലേക്ക് കാടർ സമുദായം എത്തിപ്പെട്ടത് എന്നാണ് സാമൂഹിക പ്രവർത്തകനായ കെ. സന്തോഷ് കുമാർ പറയുന്നത്. അതിരപ്പള്ളി പദ്ധതി നടപ്പിലാക്കിയാൽ ഇവിടെ നിന്നും വീണ്ടും ഇവർ കുടിയൊഴിപ്പിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാരിന്റെ താല്പര്യപ്രകാരമാണ് ഇപ്പോൾ എൻ സി കൊടുത്തത് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. കേന്ദ്രത്തിന്റെ കൊവിഡ് പാക്കേജ് പ്രകാരം അതിൽ തൊള്ളായിരം കോടി വൈദുതി മേഖലയ്ക്കാണ്. സ്വകാര്യ പങ്കാളിത്തം വഴിയാണ് ഈ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. അത് കൊണ്ട് തന്നെ ഇപ്പോഴത്തെ ഈ നീക്കത്തിൽ ചില ദുരൂഹതകൾ ഉണ്ട് എന്നാണ് സ്വാഭാവികമായി ഉയരുന്ന ഒരു സംശയം. ഈ പദ്ധതി വന്നു കഴിഞ്ഞാൽ കൊല്ലം മുഴുവൻ വെള്ളച്ചാട്ടത്തിൽ വെള്ളം ഉണ്ടാവുമെന്നാണല്ലോ പദ്ധതിയ്ക്ക് അനുകൂലമായ ഒരു വാദം. ഇതിൽ നിന്നും വൈദുതിയല്ല ടൂറിസമാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശം എന്ന് സംശയിക്കാവുന്നതാണെന്നും സന്തോഷ് പറയുന്നു.
കേരളത്തിലെ പരിസ്ഥിതി പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുമ്പോൾ ഒരിക്കലും തദ്ദേശ ജനതയുടെ വിഭാവാധികാരത്തിന്റെ പ്രശ്നമായി അത് മനസിലാക്കപ്പെട്ടിട്ടില്ല. വിഴിഞ്ഞം പദ്ധതി നടപ്പിലാക്കിയപ്പോൾ മൽസ്യ തൊഴിലാളികൾക്ക് കടലിനും തീരത്തിനും മേൽ വിഭാവാധികാരം ഉണ്ട് എന്ന് അംഗീകരിക്കപ്പെട്ടിരുന്നില്ല. അതുകൊണ്ടാണ് പദ്ധതി മൂലം ധാരാളം മത്സ്യത്തൊഴിലാളി ഗ്രാമങ്ങൾ ഇല്ലാതെയായത്.
നെൽ വയലിന്റെ കാര്യമായാലും ഇത് തന്നെയാണ് സ്ഥിതി. അതിൽ അധ്വാനപരമായി ഇടപെടുന്ന ദളിത് വിഭാഗങ്ങൾക്ക് അതിനു മേൽ അവകാശം ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് നെൽവയലുകൾ തരിശായി ഇടുന്നതും തുടർന്ന് നെൽവയലുകളും തണ്ണീർത്തടങ്ങളും നികത്തപ്പെടുന്നതും, സന്തോഷ്കുമാർ അഭിപ്രായപ്പെടുന്നു.
വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനിലെ എട്ട് കാടർ ഊരുകളും ഒരു മലയർ ഊരും ഉൾപ്പെടുന്ന പരിധിയിലാണ് അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട പ്രദേശം വരുന്നതെന്ന് കേരളീയം മാസികയുടെ പത്രാധിപരായ എസ്.ശരത് പറയുന്നു.
കേരളത്തിൽ തന്നെ ആദ്യമായി വനാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിൽ നിന്ന് സാമൂഹിക വനാവകാവകാശം (കമ്യൂണിറ്റി ഫോറസ്റ്റ് റൈറ്റ്) നേടിയ പ്രദേശമാണ് ഇവിടം. ഇതുപ്രകാരം അതിരപ്പിള്ളി– വാഴച്ചാൽ മേഖലയിലെ 400 ചതുരശ്ര കിലോമീറ്റർ വനം കാടർ സമുദായത്തിന്റെ അവകാശപരിധിയിൽ വരും. അതിൽ പദ്ധതി പ്രദേശവും ഉൾപ്പെടും. ഇവിടെ വനസംരക്ഷണവുമായി ബന്ധപ്പെട്ട് ഇതിനുള്ളിൽ താമസിക്കുന്നവർ പ്രവർത്തിക്കുന്നതും അവരുടെ ഉപജീവനം കണ്ടെത്തുന്നതും
വനാവകാശ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ജൈവവൈവിധ്യം സംരക്ഷിക്കാൻ കാടർ സമുദായത്തിന് അധികാരമുണ്ട്. എന്നാൽ ഒരിക്കൽ പോലും ഉദ്യോഗസ്ഥ സമൂഹം അവർക്ക് അത് അനുവദിച്ചു കൊടുത്തിട്ടില്ല. എൻ ഒ സി അനുവദിക്കും മുൻപ് ചർച്ചയ്ക്ക് തയ്യാറാവാതെയിരുന്നത് അത് കൊണ്ടാണ്. നിയാംഗരിയിലെ ആദിവാസികളുടെ പാത പിന്തുടർന്ന് നിയമ യുദ്ധത്തിന് പോവുക മാത്രമാണ് ഇപ്പോൾ ആദിവാസികളുടെ മുന്നിലുള്ള മാർഗം, ശരത് പറഞ്ഞു.
ഒഡിഷയിലെ നിയാംഗരിയില് വേദാന്ത മൈനിങ് കമ്പനിക്ക് എതിരെ അവിടത്തെ ആദിവാസികൾ പോരാടിയത് അതിനെ കേവലം ഒരു പാരിസ്ഥിതിക പ്രശ്നമായി ചുരുക്കിയല്ല. അവരുടെ കമ്മ്യൂണിറ്റി റൈറ്റ്സ് ഉയർത്തിക്കാട്ടിയാണ്. അവിടെ സുപ്രീം കോടതി ഖനനാനുമതി നിഷേധിച്ചത് വനാവകാശ നിയമം ഉയര്ത്തിക്കാട്ടിയാണ്. വേദാന്ത കമ്പനിക്ക് നിയാംഗരിയില് നിന്നും പിന്മാറേണ്ടിയും വന്നു.
അതിരപ്പിള്ളി വിഷയത്തിലെ ശാസ്ത്രീയ വിഷയങ്ങളെ കുറിച്ചും ജൈവവൈവിധ്യത്തെ കുറിച്ചും അതിനുപരി അവിടെ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത് കൊണ്ടുള്ള ഗുണദോഷങ്ങളെ കുറിച്ചുമൊക്കെയുള്ള ആധികാരിക ചർച്ചകളിൽ ഉൾപ്പെടാതെ പോകുന്നത് ഈ പ്രദേശത്തെ മനുഷ്യജീവിതങ്ങളാണ്. ആ ജീവിതങ്ങളെ കുറിച്ചുള്ള ചിന്തകൾ ക്ഷണപ്രഭാചഞ്ചലമായി അവസാനിക്കേണ്ടതല്ലെന്ന് ഓർമ്മിക്കാനുള്ള ഉത്തരവാദിത്വം പൗരന്മാരെന്ന നിലയിൽ ഓരോരുത്തർക്കുമുണ്ട്. വികസനത്തിന്റെയും പരിസ്ഥിതിയുടെയും ദ്വന്ദത്തിന് അപ്പുറം നിയമപരമായ അവകാശത്തിന്റെ അടിസ്ഥാനമുണ്ട്. അത്,വികസനം,പരിസ്ഥിതി എന്നിങ്ങനെയുള്ള ദ്വന്ദ വാദമുഖങ്ങളുടെ പ്രസരണങ്ങൾക്കുപ്പുറമുള്ള ജനാധിപത്യത്തിലെ നൈതികപരിസരമാണ് ഉറപ്പിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റ് അവകാശ വാദങ്ങൾക്കും വിവാദങ്ങൾക്കും മുകളിൽ ഒരു ചോദ്യം നിലനിൽക്കുന്നു. വനാവകാശ നിയമപ്രകാരമുള്ള ഉത്തരവാദിത്വം ഉറപ്പു വരുത്തിയാണോ ഇപ്പോൾ എൻ ഒ സി നൽകിയത് എന്ന അടിസ്ഥാനപരമായ ചോദ്യം.
ആദിവാസികളുടെ സ്വയം ഭരണാവകാശം എന്ന ആശയത്തിന് സാംഗത്യം ഉണ്ട് എന്ന് പെസ (Panchayat (Extension to the Scheduled Areas) Act, 1996 ) നിയമവും അംഗീകരിച്ചതാണ്. കമ്മ്യൂണിറ്റി റൈറ്റ്സിനെ കുറിച്ച് ചർച്ച ചെയ്യാൻ `ഡാറ്റയും, ശാസ്ത്രവും ഒക്കെ അവലംബിച്ചുകൊണ്ട് പദ്ധതിയ്ക്ക് വേണ്ടി വീറോടെ വാദിക്കുന്നവർ എന്തുകൊണ്ട് ശ്രമിക്കുന്നില്ല എന്ന ചോദ്യം കൂടി ഈ പശ്ചാത്തലത്തിൽ ഉയരുന്നുണ്ട്. .
കേരളത്തിലെ ഇന്റേണൽ മൈഗ്രേഷന്റെ ഹിംസകൊണ്ട് ആവാസ വ്യവസ്ഥയിൽ നിന്നും നിരന്തരം ഡിസ്പ്ലേയ്സ് ചെയ്യപ്പെട്ടിള്ള ഒരു സമൂഹമാണ് ആദിവാസികൾ.ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ ആദിവാസി മേഖലകളെ പെസ(Panchayat (Extension to the Scheduled Areas) Act, 1996) നിയമത്തിൽ പറഞ്ഞിട്ടുള്ള ഷെഡ്യുൾ ഏരിയയിൽ ഉൾപ്പെടുതേണ്ടതുണ്ട് എന്നും ഈ മേഖലകളിൽ വനാവകാശ നിയമം കർശനമായി നടപ്പാക്കണം എന്നും പറയുന്നു. ഷെഡ്യുൾ അഞ്ചിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ ആദിവാസികൾക്കല്ലാതെ ആർക്കും ഭുമി കൈവശം വെക്കന്നാവില്ല. അത് ഭുമിയിൽനിന്നുമുള്ള ആദിവാസികളുടെ അന്യവൽക്കരണത്തിനെ തടയാൻ സഹായിക്കും. അതുകൊണ്ട് അതിരപ്പിള്ളിയെ കുറിച്ച് എന്തെങ്കിലും ചർച്ച നടത്തണമെങ്കിൽ ആദ്യം നടത്തേണ്ടത് ആ പ്രദേശത്തെ ആദിവാസി വിഭാഗമായ കാടർ സമുദായത്തോടാണ് എന്നത് ജനാധിപത്യപരമായിട്ടുള്ളത് എന്നതിലുപരി നിയമപരമായിട്ടുള്ള വസ്തുത കൂടെയാണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!