ലീഗിലെ എല്ലാ ടീമുകളും ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ താരങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്തിട്ടുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ (ഐഎസ്എൽ) ഏഴാം സീസണിലെ ജനുവരി ട്രാൻസ്ഫർ വിൻഡോ അവസാനിച്ചിരിക്കുന്നു. അവസാന റൗണ്ടിലേക്ക് പ്രവേശിക്കുന്ന ലീഗിൽ ഓരോ ടീമുകളും നടത്തിയ ട്രാൻസ്ഫറുകൾ ഏതൊക്കെയെന്ന് പരിശോധിക്കാം:
മുംബൈ സിറ്റി എഫ്സി:
നിലവിൽ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള മുംബൈ സിറ്റി എഫ്സി ജനുവരി ട്രാൻസ്ഫറിലും സജീവമായിരുന്നു. ഫാറൂഖ് ചൗദരി, സാർത്ഥകെ ഗൊലൂയി, സൗരവ് ദാസ് എന്നീ താരങ്ങളെ സിറ്റി കൈയൊഴിങ്ങു. ജംഷെദ്പൂർ എഫ്സിയിൽ നിന്ന് വിങ്ങർ ജാകിച്ചന്ദ് സിങ്ങിനെ ടീമിലെത്തിക്കുവാനും സിറ്റിക്കായി.
എറ്റികെ മോഹൻ ബഗാൻ
ഗ്ലാൻ മാർട്ടിൻസ്, ബോറിസ് സിങ്, ധീരജ് സിങ്, അങ്കിത് മുഖർജി തുടങ്ങി നാലോളം എറ്റികെ മോഹൻ ബഗാൻ വിറ്റത്. മാർസലീനോയെ ഒഡീഷ എഫ്സിയിൽ നിന്ന് ലോണാടിസ്ഥാനത്തിൽ എത്തിക്കുകയും ബ്രാഡ് ഇൻമാനെ ഒഡീഷയ്ക്ക് ലോണായി കൊടുക്കുകയും ചെയ്തും. ഇന്ത്യൻ ഡിഫൻസീവ് മിഡ്ഫീൽഡർ ലെനി റോഡ്രിഗസിനേയും മോഹൻ ബഗാൻ കൊൽക്കത്തയിലെത്തിച്ചു.
എഫ്സി ഗോവ
നാട്ടുകാരനായ ലെനി റോഡ്രിഗസിനെ കൈയൊഴിഞ്ഞ എഫ്സി ഗോവ നാലോളം താരങ്ങളെ ടീമിലെത്തിച്ചു. ധീരജ് സിങ്, അമർജിത് സിങ്, ഗ്ലാൻ മാർട്ടിൻസ് എന്നിവരാണ് ഗോവയുടെ സൈനിംഗുകൾ. ഏറെ അനുഭവസ്ഥനായ ഇന്ത്യൻ താരം ആദിൽ ഖാനെ ഹൈദരാബാദ് എഫ്സിയിൽ നിന്ന് ലോണാടിസ്ഥാനത്തിൽ എത്തിക്കുവാനും ഗോവയ്ക്കായി.
ഹൈദരാബാദ് എഫ്സി
ഒരു ഇന്ത്യൻ താരനിരയിൽ വിശ്വാസമർപ്പിച്ച് സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഹൈദരാബാദ് എഫ്സി സുബ്രതാ പോൾ, ആദിൽ ഖാൻ എന്നീ ഇന്ത്യൻ താരങ്ങളെ ലോണിന് നൽകി. ഈസ്റ്റ് ബംഗാളിൽ നിന്ന് ശങ്കർ റോയിയേയും ഡച്ച് ക്ലബ്ബായ റോഡാ ജെസിയിൽ നിന്ന് മധ്യനിരതാരം റോളണ്ട് ആൽബർഗിനെയും ടീമിലെത്തിക്കുവാനും നിസാമുകൾക്കായി.
നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
ഇന്ത്യൻ പരിശീലകൻ ഖാലിദ് ജമീലിന്റെ കീഴിലുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വലിയ ട്രാൻസ്ഫറുകൾക്ക് മുതിർന്നില്ല. പരുക്കേറ്റ ക്വേസി അപ്പ്യയ്ക്ക് പകരം ബെംഗളൂരു എഫ്സിയിൽ വേണ്ടത്ര അവസരം ലഭിക്കാതിരുന്ന ഫോർവേഡ് ഡ്വേഷോൺ ബ്രൗൺ നോർത്ത് ഈസ്റ്റ് പാളയത്തിലെത്തി.
ജംഷഡ്പൂർ എഫ്സി
ജാക്കിചാന്ദ് സിങ്, അമർജിത് സിങ് എന്നിവരെ വിട്ടുനൽകിയ ജംഷഡ്പൂർ എഫ്സി യുവ സ്ട്രൈക്കർ ഫറൂഖ് ചൗധരിയെ തിരികെ ടീമിലെത്തിച്ചു. എഫ്സി ഗോവയിൽ നിന്ന് ലോണാടിസ്ഥാനത്തിൽ വാങ്ങിയ സ്ട്രൈക്കർ സെയ്മിൻലെൻ ഡൗങ്കലും പ്രതിരോധതാരം ബോറിസ് സിങ്ങുമാണ് ജംഷഡ്പൂരിന്റെ മറ്റു സൈനിങ്ങുകൾ.
ബെംഗളൂരു എഫ്സി
ഒന്നര സീസണ് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ സ്പാനിഷ് മധ്യനിരതാരം സിസ്കോ ഹെർണാണ്ടസാണ് ബെംഗളൂരുവിന്റെ പ്രധാന സൈനിങ്. സ്ട്രൈക്കർ ഡെഷോൺ ബ്രൗണിനെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനും മിഡ്ഫീൽഡർ അജയ് ഛേത്രിയെ ലോണാടിസ്ഥാനത്തിൽ ഈസ്റ്റ് ബംഗാളിനും കൈമാറി.
ചെന്നൈയിൻ എഫ്സി
എഫ്സി ഗോവ, എറ്റികെ മോഹൻ ബഗാൻ എന്നിവർക്ക് വേണ്ടി കളിച്ച അനുഭവസമ്പത്തുള്ള മാനുവൽ ലാന്സറോട്ടെയെ തിരിച്ച് ഇന്ത്യയിൽ എത്തിച്ചിരിക്കുകയാണ് ചെന്നൈയിൻ എഫ്സി. പരുക്കേറ്റ നായകൻ റാഫേൽ ക്രിവെല്ലാറോയ്ക്ക് പകരക്കാരനായാണ് സ്പാനിഷ് മിഡ്ഫീൽഡർ മടങ്ങിവരുന്നത്.
കേരളാ ബ്ലാസ്റ്റേഴ്സ്
മറ്റൊരു മോശം സീസണിലൂടെ കടന്നുപോകുന്ന കേരളാ ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ വിപണിയിൽ കാര്യമായ ഇടപെടൽ നടത്തിയില്ല. പരുക്കേറ്റ സ്പാനിഷ് താരം സെർജിയോ സിഡോനായ്ക്ക് പകരം ഹുവാൻഡെയെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചു. എറ്റികെയിൽ നിന്ന് സുഭാ ഘോഷിനെ എത്തിക്കുകയും നൊങ്ദാമ്പ നവോരെമിനെ പകരം നൽകുകയും ചെയ്യാനുള്ള ക്ലബ്ബിന്റെ തീരുമാനത്തെ ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) തഴഞ്ഞുവച്ചിരിക്കുകയാണ്.
ഈസ്റ്റ് ബംഗാൾ
ഐഎസ്എല്ലിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും കൂടുതൽ ഇടപെടൽ നടത്തിയ ക്ലബ്ബാണ് ഈസ്റ്റ് ബംഗാൾ. ബൽവന്ത് സിങ്, ഗുർത്തേജ് സിങ്, യൂജിൻസൺ ലിങ്ദോ, സികെ വിനീത്, സമദ് അലി മാലിക്, അഭിഷേക് അംബേദ്കർ, മുഹമ്മദ് ഇർഷാദ്, അനിൽ ചവാൻ എന്നീ താരങ്ങളെ റോബി ഫൗളർ പരിശീലിപ്പിക്കുന്ന ടീം കൈയൊഴിഞ്ഞു. റഫീഖ് അലി സർദാറിനെ ലോണാടിസ്ഥാനത്തിൽ മുഹമ്മദൻസിനും ശങ്കർ റോയിയെ ലോണാടിസ്ഥാനത്തിൽ ഹൈദരബാദ് എഫ്സിക്കും കൈമാറി.
വിദേശ സ്ട്രൈക്കർ ബ്രൈറ്റ് എനോബഖരെ, രാജു ഗെയ്ക്വാദ്, സാർത്ഥക് ഗൊലൂയി, സൗരവ് ദാസ് എന്നീ എന്നീ താരങ്ങളെ സ്ഥിരമായും അജയ് ഛേത്രി, സുബ്രതാ പോൾ എന്നിവരെ ലോണാടിസ്ഥാനത്തിലും കൊൽക്കത്തയിലെത്തിച്ചു.
ഒഡീഷ എഫ്സി
വളരെ മോശം സീസണിലൂടെ കടന്നുപോകുമ്പോഴും ട്രാൻസ്ഫർ വിൻഡോയിൽ വലിയ ഇടപെടലുകൾക്ക് ഒഡീഷ മുതിർന്നില്ല. മാർസലീനോയെ ലോണടിസ്ഥാനത്തിൽ എറ്റികെ മോഹൻ ബഗാന് നൽകി പകരം ബ്രഡ് ഇൻമാനെ ടീമിലെത്തിച്ചു. ഇന്ത്യൻ താരം രാകേഷ് പ്രധാനും ലോണടിസ്ഥാനത്തിൽ ഒഡീഷ ക്യാമ്പിലെത്തി.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!