പൈപ്പ് പൊട്ടല്‍ ഒരു നാടിനെ ഗതാഗത കുരുക്കിലാക്കുമ്പോള്‍
നിലവില്‍ ഉണ്ടാകുന്ന പൈപ്പ് പൊട്ടലുകള്‍ അടയ്ക്കാനായി മരാമത്ത് വകുപ്പിന്റെ താത്കാലിക അനുമതി നേടിയാണ് റോഡുകള്‍ പൊളിക്കുന്നത്. അതേസമയം ഒന്നര കിലോമീറ്ററോളം പൈപ്പ് മാറ്റിയിടാന്‍ പ്രത്യേക അനുമതി വേണ്ടിവരും.
ആലപ്പുഴയിലെ ശുദ്ധജല പദ്ധതിയുടെ പൈപ്പ് പൊട്ടല്‍ നിരന്തരം റെക്കോഡ് പുതുക്കി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം തകഴി കന്നാമുക്കിന് സമീപം കൂടി പൈപ്പ് പൊട്ടിയതോട് കൂടി 63ാം തവണയാണ് ഒരു കുടിവെളള പദ്ധതിയുടെ പൈപ്പ് പൊട്ടുന്നത്. ആലപ്പുഴ നഗരത്തിലും സമീപത്തെ എട്ട് പഞ്ചായത്തുകളിലും കുടിവെളളം മുടങ്ങുന്നതിന് പുറമെ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിലെ യാത്രക്കാരും ഇതുമൂലം വലിയ ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്. തകഴി മുതല്‍ കേളമംഗലം വരെയുളള ഒന്നര കിലോ മീറ്റര്‍ ഭാഗത്തായിരുന്നു നേരത്തെ സ്ഥിരമായി പൈപ്പ് പൊട്ടിയിരുന്നത്. നിര്‍മ്മിച്ചിട്ട് അധികനാള്‍ ആയിട്ടില്ലാത്ത റോഡ് പലയിടത്തും കുത്തിപ്പൊളിച്ചിട്ടതോടെ ലെവല്‍ ക്രോസ് കൂടിയുളള പാതയില്‍ ഗതാഗത കുരുക്കും ബഹളവും പതിവാണ്.
രണ്ട് മാസം മുന്‍പാണ് പൈപ്പ് പൊട്ടിയുളള വെളളം ഒഴുകി സമീപത്തെ പാടത്ത് കൊയ്ത്ത് കഴിഞ്ഞശേഷം കൂട്ടി മൂടിയിട്ടിരുന്ന ക്വിന്റല്‍ കണക്കിന് നെല്ല് നനഞ്ഞുപോയത്. ഇപ്പോഴത്തെ പൈപ്പ് പൊട്ടലാകട്ടെ കഴിഞ്ഞ പത്ത് ദിവസത്തിനിടയില്‍ രണ്ടാമത്തേതുമാണ്. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിലൂടെ ദിവസവും ദോശമാവിന്റെ വിതരണത്തിന് വാഹനത്തില്‍ പോകുന്ന സുരേഷിന്റെ അനുഭവത്തില്‍ രണ്ട് ആഴ്ച കൂടുമ്പോഴോ, മാസത്തില്‍ ഒന്നെന്ന വിധത്തിലോ നിരവധി തവണയാണ് ഇവിടെ പൈപ്പ് പൊട്ടുന്നത്. പൊട്ടിയ ഭാഗത്ത് അതിശക്തമായ വിധത്തില്‍ വെളളം പുറത്തേക്ക് പ്രവഹിക്കുന്നതോടെ റോഡും കുഴിഞ്ഞ് പോകും. വലിയ ഗര്‍ത്തവും ഉണ്ടാകും. ഇതോടെ റോഡിന്റെ ഒരുവശത്ത് ഏതാനും മീറ്ററുകള്‍ ഗതാഗത തടസം നേരിടും.
ലെവല്‍ ക്രോസ് കൂടി ഇതിന് അടുത്തായി ഉളളത് കൊണ്ട് ഈ പൈപ്പ് പൊട്ടല്‍ പരിഹരിക്കുന്നത് വരെ നിരന്തരം ട്രാഫിക് ബ്ലോക്കാണ് അനുഭവിക്കുന്നത്. കൊവിഡും നിയന്ത്രണങ്ങളും മൂലം വാഹനങ്ങള്‍ കുറവായതിനാല്‍ കുറച്ചുനാളായി വലിയ പ്രശ്നങ്ങള്‍ ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിയന്ത്രണങ്ങള്‍ മാറിയതോടെ നിരവധി വാഹനങ്ങളാണ് നിരത്തില്‍. അതുകൊണ്ട് തന്നെ വലിയ ബുദ്ധിമുട്ടാണ് സ്ഥിരം ഇതുവഴി ഓട്ടംപോകുന്ന നമ്മളെ പോലുളളവര്‍ അനുഭവിക്കുന്നത്. വര്‍ഷങ്ങളായി ഈ പൈപ്പ് പൊട്ടലിന്റെ കഥ തുടങ്ങിയിട്ട്. അതിനിടെ ഈ റോഡ് തന്നെ മുഴുവനായി പുതുക്കി പണിതു. എന്നിട്ടും പൈപ്പ് പൊട്ടലിന്റെ പ്രശ്നം മാത്രം ഇതുവരെ പരിഹരിക്കാന്‍ അധികൃതര്‍ക്ക് കഴിയാത്തത് എന്താണെന്നും സുരേഷ് ചോദിക്കുന്നു.

തകഴി മേഖലയില്‍ മാത്രം ഒന്നര കിലോമീറ്ററോളം ഭാഗത്താണ് തുടര്‍ച്ചയായി പൈപ്പ് പൊട്ടുന്നത്. നിലവാരമില്ലാത്ത ഈ പൈപ്പുകള്‍ മാറ്റി പകരം ഇടാന്‍ മൈല്‍ഡ് സ്റ്റീല്‍ പൈപ്പുകള്‍ എത്തിച്ചിട്ട് മാസങ്ങളായി. എന്നാല്‍ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാത പൊളിച്ച് പുതിയ പൈപ്പുകള്‍ ഇടാന്‍ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി കിട്ടിയിട്ടില്ല. നിലവില്‍ ഉണ്ടാകുന്ന പൈപ്പ് പൊട്ടലുകള്‍ അടയ്ക്കാനായി മരാമത്ത് വകുപ്പിന്റെ താത്കാലിക അനുമതി നേടിയാണ് റോഡുകള്‍ പൊളിക്കുന്നത്. അതേസമയം ഒന്നര കിലോമീറ്ററോളം പൈപ്പ് മാറ്റിയിടാന്‍ പ്രത്യേക അനുമതി വേണ്ടിവരും. മാസങ്ങള്‍ എടുത്ത് മാത്രമേ ഇത് പൂര്‍ത്തിയാക്കാനും സാധിക്കുകയുളളൂ. ഇതിനൊപ്പം വലിയ തോതിലുളള ഗതാഗത തടസം ഉണ്ടാകുകയും ജലവിതരണം തടസപ്പെടുകയും ചെയ്യും. ഇതൊക്കെ പരിഹരിക്കാനുളള മുന്‍കരുതല്‍ സ്വീകരിച്ച് മാത്രമേ റോഡ് പൊളിക്കലിലേക്ക് കടക്കാന്‍ കഴിയു. മഴക്കാലം കഴിഞ്ഞാല്‍ ഉടന്‍ ഇതിനുളള അനുമതി ഉണ്ടാകുമെന്നാണ് അറിയാന്‍ കഴിയുന്നത്.
ജനങ്ങളുടെ നികുതിപ്പണത്തിന് ഒരു വിലയും ഇല്ലെന്നാണ് തുടര്‍ച്ചയായുളള പൈപ്പ് പൊട്ടലും റോഡ് കുത്തിപ്പൊളിക്കലും മനസിലാക്കി തരുന്നതെന്നാണ് പൊതുപ്രവര്‍ത്തകനായ ജോസിന്റെ അഭിപ്രായം. എത്ര കോടി ചെലവിട്ട് നിര്‍മ്മിച്ച റോഡാണ് ഇതെന്ന് അറിയുമോ, ഇപ്പോള്‍ ഇവിടെ ഈ രണ്ട് കിലോ മീറ്ററില്‍ തന്നെ എത്ര സ്ഥലത്ത് പൈപ്പ് പൊട്ടിയോ, അത്രയും സ്ഥലത്ത് കുത്തിപ്പൊട്ടിച്ച് വീണ്ടും ടാര്‍ ചെയ്യേണ്ടി വന്നു. ഇതെല്ലാം സഹിക്കേണ്ടി വരുന്നതോ നമ്മള് അടക്കമുളള നാട്ടുകാരും ഇതുവഴി പോകുന്നവരും. ഇതിന് കരാര്‍ എടുത്തവരെയും പൈപ്പ് പൊട്ടലിന് കുറ്റക്കാരായവരെയും എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് ആര്‍ക്കേലും അറിയുമോ അതാണ് നാടിന്റെ അവസ്ഥ. ഈ റോഡ് പുനര്‍നിര്‍മ്മിച്ചപ്പോള്‍ കുറെയേറെ ഞങ്ങള്‍ ബുദ്ധിമുട്ടിയിരുന്നു. നല്ല റോഡ് വന്നപ്പോള്‍ സന്തോഷവുമായിരുന്നു. ഇനി ഇവിടെ ഈ പഴയ പൈപ്പ് ഒക്കെ മാറ്റുവാനായി വീണ്ടും ഒന്നര കിലോ മീറ്റര്‍ റോഡ് പൊളിക്കുമെന്നാണ് അറിയുന്നത്. ജനങ്ങള്‍ ഇതെല്ലാം അനുഭവിക്കട്ടെ എന്ന മനോഭാവമാണ് ചില ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്ക്കുമെന്നും ജോസ് പറഞ്ഞു.

ആലപ്പുഴയിലെ കുടിവെളള പ്രശ്നവും പൈപ്പ് പൊട്ടലും ഏറ്റവും ആദ്യം പരിഹരിക്കാന്‍ ശ്രമിക്കുമെന്നാണ് എംഎല്‍എയായ പി.പി ചിത്തരഞ്ജനും നേരത്തെ ഏഷ്യാവില്ലിനോട് പറഞ്ഞിരുന്നത്. ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളിലൂടെയാണ് കുടിവെളള പദ്ധതി കടന്നുപോകുന്നത്. റോഡിന്റെ കുറച്ച് ഭാഗത്ത് മാത്രം പൊളിക്കുന്ന രീതിയാണ് പരിഗണനയിലുളളതെന്നും പൈപ്പ് മാറ്റിയിടാനുളള അലൈന്മെന്റില് മാറ്റം വരുത്തുന്ന കാര്യം ആലോചനയിലുണ്ടെന്നുമാണ് ഇതിനെക്കുറിച്ച് എംഎല്‍എയായ എച്ച് സലാം അറിയിച്ചതും. കേളമംഗലത്തിനും ലെവല്‍ ക്രോസിനും ഇടയിലെ 1,520 മീറ്റര്‍ ഭാഗത്തെ നിലവാരം കുറഞ്ഞ പൈപ്പ് മാറ്റി പുതിയ പൈപ്പിടാനായി 55 ദിവസം വേണ്ടി വരുമെന്നാണ് അധികൃതര്‍ കണക്കാക്കിയിട്ടുളളത്.
ഇപ്പോള്‍ മഴക്കാലമാണ്. ലോക്ഡൗണിന് ശേഷം റോഡില്‍ തിരക്കും കൂടി വരുന്നു. ഓരോ തവണ പൈപ്പ് പൊട്ടുമ്പോഴും റോഡ് കുത്തിപ്പൊളിക്കേണ്ടി വരുന്നു, പാതയുടെ ഒരുവശത്ത് ഗതാഗതം തടസപ്പെടുന്നു. വലിയ ബുദ്ധിമുട്ടാണ് ഇതുവഴി പാസ് ചെയ്യുമ്പോള്‍ യാത്രക്കാര്‍ അനുഭവിക്കേണ്ടി വരുന്നതെന്ന് മെഡിക്കല്‍ റപ്പായ ബിപിന്‍ പറയുന്നു. മുന്‍പത്തെ പൊതുമരാമത്ത് മന്ത്രി ജി സുധാകരന് റോഡെല്ലാം നല്ലതാക്കിയിരുന്നു. കോടികള്‍ ചെലവിട്ട് നന്നാക്കിയ റോഡ് ഏറ്റവും കൂടുതല്‍ കുത്തിപ്പൊളിച്ചെന്ന ക്രെഡിറ്റും അദ്ദേഹത്തിന്റെ മണ്ഡലത്തിന് തന്നെ അവകാശപ്പെട്ടതാണെന്നും ബിപിന്‍ പറഞ്ഞു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!