എസി റോഡില്‍ പൊളിക്കുന്നത് 13 പാലങ്ങള്‍, പലയിടത്തും സമാന്തര പാതയില്ല; ഗതാഗത കുരുക്കില്‍ വലഞ്ഞ് ജനം
എസി റോഡ് അടയ്ക്കുകയും വലിയ വാഹനങ്ങളും ദീര്‍ഘദൂര വാഹനങ്ങളും അമ്പലപ്പുഴ-തിരുവല്ല പാതയിലൂടെ കടത്തിവിടുകയും ചെയ്യുമ്പോള്‍ ആലപ്പുഴ-ചങ്ങനാശേരി ദൂരം 21 കിലോമീറ്ററാണ് കൂടുന്നത്. എസി റോഡിലൂടെ കളര്‍കോട് മുതല്‍ പെരുന്ന വരെ 24 കിലോമീറ്ററിലേറെയുണ്ട്.
അഞ്ച് ഫ്ളൈ ഓവറുകള്‍ അടക്കം 672 കോടി രൂപ മുതല്‍മുടക്കില്‍ ആലപ്പുഴ-ചങ്ങനാശേരി റോഡ് നവീകരണം തുടങ്ങിയതോടെ യാത്രദുരിതത്തില്‍ വലഞ്ഞ് ജനങ്ങള്‍. നിര്‍മ്മാണത്തിനുളള യന്ത്രസാമഗ്രികള്‍ എത്തിക്കുന്ന സമയത്ത് തുടങ്ങിയ ദുരിതം ഇനിയും എത്ര മാസങ്ങള്‍ നീളുമെന്നാണ് നാട്ടുകാരും യാത്രക്കാരും ചോദിക്കുന്നത്. കച്ചവടത്തിനും ജോലിയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ആയിരങ്ങളാണ് ആലപ്പുഴ കൈതവന മുതല്‍ ചങ്ങനാശേരി പെരുന്ന വരെ നീളുന്ന ഈ 24 കിലോമീറ്ററിലേറെയുളള റോഡിലൂടെ ഇരുവശത്തേക്കും പോകുന്നത്. ചില ദിവസങ്ങളില്‍ പതിവുപോലെ എത്താന്‍ സാധിക്കുമെങ്കിലും കൂടുതല്‍ ദിവസങ്ങളിലും ഒരു മണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍ വരെ മങ്കൊമ്പ് മുതല്‍ ചങ്ങനാശേരി വരെയുളള ദൂരം കടന്നുകിട്ടാന്‍ സമയം എടുക്കുന്നുവെന്നാണ് യാത്രക്കാരുടെ പരാതി.
വലിയ വാഹനങ്ങള്‍ ഓടിക്കുന്നവരെ അമ്പലപ്പുഴ-തിരുവല്ല പാതയിലൂടെ വഴിതിരിച്ച് വിടുന്നേരം 20 കിലോമീറ്ററിലേറെയാണ് അധികമായി ഓടേണ്ടി വരുന്നതെന്ന് ഡ്രൈവര്‍മാരും പറയുന്നു. ഇന്ധന വില ദിനംതോറും വര്‍ധിച്ച് വരുന്ന ഈ സാഹചര്യത്തില്‍ ഇത് സാമ്പത്തിക നഷ്ടവും സമയനഷ്ടവുമാണ് ഉണ്ടാക്കുന്നത്. നീണ്ടുനിവര്‍ന്നു കിടക്കുന്ന എസി റോഡില്‍ ഒരുവര്‍ഷത്തോളം നീളുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ദീര്‍ഘമായ ആസൂത്രണങ്ങള്‍ ഉണ്ടാകണമായിരുന്നുവെന്നും സാധാരണക്കാരുടെ ബുദ്ധിമുട്ടുകള്‍ അധികാരികള്‍ മനസിലാക്കുന്നില്ലെന്നുമാണ് നിരവധി ഡ്രൈവര്‍മാരും കച്ചവടക്കാരും ഏഷ്യാവില്‍ മലയാളത്തോട് വ്യക്തമാക്കിയത്.

എസി റോഡില്‍ പുതിയതായി നിര്‍മ്മിക്കുന്ന ഹൈവേയെ കുട്ടനാട്ടിലെ എലിവേറ്റഡ് ഹൈവേ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. കേരള പുനര്‍നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അതിവേഗം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ഇവിടെ. 13 ചെറിയ പാലങ്ങളാണ് നവീകരണത്തോട് അനുബന്ധിച്ച് 14 മീറ്റര്‍ വീതിയില്‍ പുനര്‍നിര്‍മ്മിക്കുന്നത്. തൂണുകളുടെ പൈലിങ് ജോലികള്‍ ഏകദേശം പൂര്‍ത്തിയായി. ഇതില്‍ ആദ്യം പൊളിക്കുന്നത് കളര്‍കോട് പക്കി പാലവും പൊങ്ങ പാലവുമാണ്. മഴയും വെളളക്കെട്ടും അടക്കമുളള പ്രശ്നങ്ങള്‍ വരുന്ന രണ്ട് മാസങ്ങള്‍ക്കുളളില്‍ ഉണ്ടായില്ലെങ്കില്‍ മാത്രമാണ് 70 ദിവസം കൊണ്ട് പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കാം എന്ന് അധികൃതര്‍ കണക്കുകൂട്ടുന്നത്. അതേസമയം കളര്‍കോട് പക്കി പാലത്തിന് സമാന്തരമായി തദ്ദേശീയര്‍ക്ക് അടക്കം കടന്നുപോകാന്‍ സമാന്തര പാതയൊന്നും ഇതുവരെ നിര്‍മ്മിച്ചിട്ടുമില്ല. ദീര്‍ഘദൂര വാഹനങ്ങളും ഭാരവണ്ടികളും വഴിതിരിച്ച് വിടുമെങ്കിലും ആംബുലന്‍സും ചെറുവാഹനങ്ങളും പോകാനുളള സൗകര്യം ഉണ്ടാക്കേണ്ടതുണ്ട്.
മുന്‍പ് വണ്ടാനത്ത് നിന്ന് ചങ്ങനാശേരിയില്‍ കച്ചവട സ്ഥലത്തേക്ക് എത്തണമെങ്കില്‍ ബൈക്കിലാണേല്‍ ഒരു മണിക്കൂര്‍ ആണ് പരമാവധി എടുത്തിരുന്നതെന്നും ഇപ്പോള്‍ അത് രണ്ടര മണിക്കൂര്‍ വരെ നീളുകയാണെന്നും ഫാന്‍സി, ചെരുപ്പ് കട നടത്തുന്ന റംഷാദ് നാസര്‍ ഏഷ്യാവില്ലിനോട് പറഞ്ഞു. വലിയ വണ്ടികള്‍ ചങ്ങനാശേരിയില്‍ നിന്നും തിരുവല്ല- അമ്പലപ്പുഴ പാത വഴി തിരിച്ചുവിടുന്നത് കൊണ്ട് ചില ദിവസങ്ങളില്‍ തിരക്ക് കാണാറില്ല. എന്നാല്‍ പണി കൂടുതലായി നടക്കുന്ന ദിവസം, അല്ലേല്‍ ഇതിനുളള യന്ത്രങ്ങള്‍ കൊണ്ടുവരുമ്പോഴൊക്കെ രണ്ടര മണിക്കൂറോളം വേണ്ടി വരും ഈ ദൂരമൊന്ന് കടന്നുകിട്ടാന്‍. മങ്കൊമ്പ്, പുളിങ്കുന്ന് എന്നിവിടങ്ങളിലൊക്കെ വലിയ ട്രാഫിക് ബ്ലോക്കാണ് ഉണ്ടാകുന്നത്.
ചെറിയ പാലങ്ങളുടെയും കാനകളുടെയും നിര്‍മ്മാണം ഒരുപോലെ തുടങ്ങിയതിനാല്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ തീരെ സ്ഥലം ഇല്ലാതെ വരികയാണ്. ഹെവി വാഹനങ്ങളാണ് കൂടുതലും തിരിച്ചുവിടുന്നത്. എന്നിട്ട് പോലും ഗതാഗതക്കുരുക്കില്‍ പെടേണ്ടി വരുന്നു എന്ന കാര്യമാണ് പരിഗണിക്കേണ്ടത്. നിലവില്‍ കഞ്ഞിപ്പാടം വഴി മങ്കൊമ്പില്‍ എളുപ്പത്തില്‍ എത്തിയാലും അവിടെ നിന്നുളള സമയം പോക്കാണ്. ഇത് കൂടാതെ കഞ്ഞിപ്പാടം വഴി ചമ്പക്കുളം ചെന്നിട്ട് വേഴപ്ര എത്തുന്ന മറ്റൊരു വഴിയുമുണ്ട്. എന്നാല്‍ പിന്നീട് ചങ്ങനാശേരിയിലേക്ക് ഇവിടെ നിന്ന് എത്താന്‍ സമയമെടുക്കും. രാവിലെ ഒന്‍പത് മണിക്ക് കട തുറക്കണമെങ്കില്‍ നേരത്തെ എട്ട് മണിക്ക് ഇവിടെ നിന്ന് ഇറങ്ങിയാല്‍ മതിയായിരുന്നു. ഇപ്പോള്‍ ഏത് ദിവസം ഏത് നേരത്താണ് നമ്മള് ബ്ലോക്കില്‍ പെടുന്നത് എന്നറിയില്ല. ഇത് നമ്മുടെ കച്ചവടത്തെയും ബാധിക്കുകയാണ്. ടിപിആര്‍ റേറ്റില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഉളളതിനാല്‍ കച്ചവടം തന്നെ ആകെ ബുദ്ധിമുട്ടിലാണ്. അന്നേരം മനുഷ്യരെ ഇരട്ടി വലക്കുന്നതാണ് ജോലിക്ക് പോകുന്നേരമുളള ഈ സമയനഷ്ടമെന്നും റംഷാദ് പറഞ്ഞു.

റംഷാദിന് സമയനഷ്ടമാണ് ഉണ്ടാകുന്നത് എങ്കില്‍ ആലപ്പുഴ-ചങ്ങനാശേരി റൂട്ടിലൂടെ ആഴ്ചയില്‍ മിക്ക ദിവസവും ഓട്ടം പോകേണ്ടി വന്നിരുന്ന ടിപ്പര്‍ ലോറി ഡ്രൈവറായ അഖിലിന്റെ അവസ്ഥ ഇതിലും കഷ്ടമാണ്. മുന്‍പ് കളര്‍കോട് നിന്നും എസി റോഡില്‍ കേറി കഴിഞ്ഞാല്‍ നീണ്ടുനിവര്‍ന്ന് കിടക്കുന്നത് കൊണ്ട് ഒരൊറ്റ വിടല്‍ വിട്ടാല്‍ മതിയായിരുന്നു. ഇപ്പോള്‍ വലിയ വാഹനങ്ങള്‍ക്കും ദീര്‍ഘദൂര വാഹനങ്ങള്‍ക്കും നിയന്ത്രണം കൊണ്ടുവന്നിരിക്കുകയാണ്. കൊവിഡും ലോക്ഡൗണും മൂലം അല്ലെങ്കില്‍ തന്നെ മനുഷ്യന് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഇതിപ്പോള്‍ ഇരട്ടിചെലവ് കൂടിയാണ് പുതിയ ക്രമീകരണം വരുത്തിവെക്കുന്നത്.
മുന്‍പ് 21 കിലോമീറ്റര്‍ ഓടിയാല്‍ മതിയെങ്കില്‍ തിരികെ വീട്ടില്‍ എത്താന്‍ തിരുവല്ല, അമ്പലപ്പുഴ വഴി കറങ്ങി വരണം. കൂടുതലായി 30 കിലോമീറ്ററോളം ഓടിക്കേണ്ടി വരും. ഓരോ ദിവസത്തെയും ഇന്ധന വില വെച്ച് നിങ്ങള്‍ തന്നെ ഈ ദൂരം കൂട്ടി നോക്കിയാല്‍ മതി, എന്ത് നഷ്ടമാണ് വരുന്നതെന്ന് അറിയാന്‍. ആ റോഡിലൂടെ പോകുന്ന സാധാരണക്കാരായ എന്നെപ്പോലെയുളള ഡ്രൈവര്‍മാര്‍, ബസിലും ബൈക്കിലുമൊക്കെ പോകുന്ന ദിവസവേതനക്കാര്‍, അല്ലാതെയുളള തൊഴില്‍ ചെയ്യുന്നവര്‍ ഇവരൊക്കെയാണ് ഇത് സാരമായി ബാധിക്കുന്നത്. ബാക്കിയുളളവര്ക്കൊക്കെ സമയനഷ്ടത്തിന്റെ കാര്യം മാത്രമാണ് പറയാനുളളത്. ഞങ്ങള്‍ക്ക് സമയനഷ്ടവും സാമ്പത്തിക നഷ്ടവും ഒരേസമയത്ത് ഉണ്ടാകുന്നു. ഇപ്പോഴുളള ഈ ക്രമീകരണം എത്രനാള്‍ ഇങ്ങനെ നീളുമെന്നത് ഒരുപിടിയുമില്ലെന്നും അഖില്‍ വ്യക്തമാക്കുന്നു.
എസി റോഡ് അടയ്ക്കുകയും വലിയ വാഹനങ്ങളും ദീര്‍ഘദൂര വാഹനങ്ങളും അമ്പലപ്പുഴ-തിരുവല്ല പാതയിലൂടെ കടത്തിവിടുകയും ചെയ്യുമ്പോള്‍ ആലപ്പുഴ-ചങ്ങനാശേരി ദൂരം 21 കിലോമീറ്ററാണ് കൂടുന്നത്. എസി റോഡിലൂടെ കളര്‍കോട് മുതല്‍ പെരുന്ന വരെ 24 കിലോമീറ്ററിലേറെയുണ്ട്. പുതിയ ക്രമീകരണം വഴി വലിയ വാഹനങ്ങള്‍ക്ക് ആലപ്പുഴയില്‍ നിന്നും ചങ്ങനാശേരിയില്‍ എത്തണമെങ്കില്‍ എസി റോഡ് തുടങ്ങുന്ന കളര്‍കോട് നിന്നും അമ്പലപ്പുഴ വരെ ആദ്യം എത്തണം. ഇതുമാത്രം 11 കിലോമീറ്ററുണ്ട്. ഇതിനുശേഷം അമ്പലപ്പുഴ-തിരുവല്ല, ഇതാകട്ടെ 27 കിലോമീറ്റര്‍. പിന്നെ തിരുവല്ലയില്‍ നിന്ന് പെരുന്ന വരെ മാത്രം 7.3 കിലോമീറ്റര്‍. ചുരുക്കത്തില്‍ നേരത്തെ 24 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പെരുന്നയില്‍ എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ അതിനായി 46 കിലോമീറ്ററോളം സഞ്ചരിക്കേണ്ടി വരും. ഇതുവഴി ഉണ്ടാകുന്ന മറ്റൊരു പ്രശ്നം നേരത്തെ തന്നെ ലെവല്‍ക്രോസ് അടക്കമുളള തകഴിയും ആലപ്പുഴ കുടിവെളള പദ്ധതിയുടെ സ്ഥിരം പൈപ്പ് പൊട്ടല്‍ സംഭവിക്കുന്ന സ്ഥലങ്ങളിലും ഗതാഗത തിരക്ക് കൂടുതലാകും. മുന്‍പ് പോയതിന്റെ ഇരട്ടിയോളം വാഹനങ്ങള്‍ കടന്നുപോകുന്നതോട് കൂടി സമ്മര്‍ദ്ദമേറി ഇനിയും പൈപ്പ് പൊട്ടലുകള്‍ സംഭവിക്കുമോ എന്ന ആശങ്കയും ഇതിനൊപ്പം തകഴി മേഖലയിലുണ്ട്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടാംഘട്ടത്തില്‍ എത്തിയപ്പോള്‍ ഇത്രയും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ കൂടുതല്‍ പാലങ്ങള്‍ പൊളിക്കുന്നതോടെ കെഎസ്ആര്‍ടിസി ബസുകള്‍ അടക്കമുളളവയുടെ ഗതാഗതവും തടസപ്പെടും. ചെറുപാലങ്ങള്‍ പൊളിക്കുമ്പോള്‍ പാലത്തിന്റെ ഇരുവശവും ബസുകള്‍ എത്തുന്ന വിധത്തില്‍ സര്‍വീസുകള്‍ ക്രമീകരിക്കാനും യാത്രക്കാരെ ബസ് മാറ്റിക്കയറ്റി ലക്ഷ്യസ്ഥലത്ത് എത്തിക്കാനുമാണ് അധികൃതരുടെ നീക്കം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ചങ്ങനാശേരിയിലും കോട്ടയത്തും കച്ചവടം നടത്തുന്നവര്‍, മറ്റ് സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ എന്നിങ്ങനെ ആയിരക്കണക്കിന് പേര് ദിവസവും ഈ റൂട്ടിലെ കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്തിട്ട് ഗതാഗതക്കുരുക്ക് ഒന്നും അനുഭവപ്പെട്ടില്ല എന്നും എന്നാല്‍ എപ്പോഴും ഇതുപോലെയല്ല കാര്യങ്ങളെന്നുമാണ് ചങ്ങനാശേരിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഷീബ പറയുന്നത്. വര്‍ഷങ്ങളായി നമ്മള് പോയിക്കൊണ്ടിരുന്ന ഒരു സമയക്രമം ഉണ്ട്. ജോലിയും അതുപോലെ ആയിരുന്നു ക്രമീകരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഏത് സമയത്താണ് റോഡില്‍ പണികിട്ടുക എന്നറിയാത്തതിന്റെ കുഴപ്പമുണ്ട്. കഴിഞ്ഞ ആഴ്ച മൂന്ന് ദിവസം ഒരു മണിക്കൂറോളം ഓഫിസില്‍ എത്താന്‍ വൈകി. ബസ് യാത്രക്കാര്‍ക്കും ചെറിയ വാഹനങ്ങളിലെ യാത്രക്കാര്‍ക്കും പറയത്തക്ക ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടാകില്ലെന്നാണ് ഇതിന്റെ നിര്‍മ്മാണം തുടങ്ങുന്നേരം പറഞ്ഞുകേട്ടത്. എന്നാല്‍ അതുപോലെയല്ല കാര്യങ്ങളെന്നാണ് ഇപ്പോള്‍ മനസിലാകുന്നത്.

13 പാലങ്ങളുടെ പണിക്കായി എത്ര മാസങ്ങള്‍ എടുക്കും? നേരത്തെ പാലാരിവട്ടമോ, വൈറ്റില പാലമോ പറഞ്ഞതിനെക്കാള്‍ മുന്‍പ് നിര്‍മ്മിച്ച് നല്‍കിയത് പോലെ, ഈ എലിവേറ്റഡ് ഹൈവേയും നിര്‍മ്മിക്കാന്‍ സാധിക്കില്ലേ? അതാകുമ്പോള്‍ ജനങ്ങള്‍ക്കുളള ബുദ്ധിമുട്ടുകള്‍ കുറയുമല്ലോ എന്നും ഷീബ ചോദിക്കുന്നു. ആലപ്പുഴയില്‍ നിന്നും രാമങ്കരിയില്‍ റോഡ് വശത്ത് മീന്‍കച്ചവടം ചെയ്തിരുന്ന അജുവിന് പുതിയ നിര്‍മ്മാണങ്ങള്‍ തുടങ്ങിയതോടെ കച്ചവടവും കുറഞ്ഞെന്നാണ് പരാതി. എസി റോഡിലൂടെയുളള ദീര്‍ഘദൂര യാത്രക്കാരൊക്കെ തണലും പാടവുമൊക്കെ കാണുന്നേരം പത്ത് മിനിറ്റ് വാഹനം ഒതുക്കുകയും മീനും താറാവുമൊക്കെ വാങ്ങിക്കുകയും ചെയ്തിരുന്നു. ഇപ്പോഴാകട്ടെ ഈ ദീര്‍ഘദൂര യാത്രക്കാരെയും വലിയ വാഹനങ്ങളെയും വഴി തിരിച്ച് വിടുകയാണ്. ഇത്രയും നേരം ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയ ശേഷം വണ്ടി ഓടിച്ച് ഇതിലെ വരുന്നവര്‍ പിന്നീട് മീന്‍ വാങ്ങാന്‍ കൂടി നിര്‍ത്താന്‍ മടി കാണിക്കുന്ന അവസ്ഥയാണ്. ഒരു രീതിയില്‍ ജീവിതം തിരികെ പിടിച്ച് വരുമ്പോഴാണ് മറ്റ് വഴികളിലൂടെ നമുക്കുളള പണികള്‍ വരുന്നതെന്നും നിരാശ കലര്‍ന്ന ചിരിയോടെ അജു പറഞ്ഞു.
ആലപ്പുഴ-ചങ്ങനാശേരി പാതയിലെ നവീകരണങ്ങളില്‍ ഒരു പാലം പൊളിച്ചാല്‍ 70 ദിവസം കൊണ്ട് പുനര്‍നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ 13 ചെറുപാലങ്ങളാണ് പൊളിച്ച് പണിയേണ്ടത്. ചിലയിടങ്ങളില്‍ താല്‍ക്കാലിക ബൈ റോഡ് ഒരുക്കാനിളള സാഹചര്യങ്ങളുണ്ട്. എന്നാല്‍ മറ്റ് ചില സ്ഥലത്ത് സ്വകാര്യ ഉടമകള്‍ അവരുടെ സ്ഥലം ഇങ്ങനെ റോഡ് ഒരുക്കുന്നതിനായി വിട്ടുകൊടുക്കാന്‍ തയ്യാറാകാത്തതും തിരിച്ചടിയാണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ആലപ്പുഴ ബൈപ്പാസ്: കൊമ്മാടിയിൽ ട്രാക്ക് മാറുന്ന വാഹനങ്ങൾ
പൈപ്പ് പൊട്ടല്‍ ഒരു നാടിനെ ഗതാഗത കുരുക്കിലാക്കുമ്പോള്‍
അപകടങ്ങളും മരണവും തുടര്‍ക്കഥ, ആലപ്പുഴ ബൈപ്പാസിലെ സുരക്ഷ എവിടെ?