ബൈപ്പാസ് തുറന്നതോടെ ആലപ്പുഴ നഗരത്തിലെ തിരക്ക് ഒഴിവായോ, ബൈപ്പാസ് ജംക്ഷനുകളായ കളർകോട് , കൊമ്മാടി എന്നിവിടങ്ങളിലെ ട്രാഫിക് പരിഷ്കാരങ്ങൾ ആശങ്ക സൃഷ്ടിക്കുന്നുണ്ടോ? ഉദ്ഘാടനത്തിന് ശേഷം ബൈപ്പാസിലൂടെയും നഗരത്തിലൂടെയും യാത്ര ചെയ്തവർ വ്യത്യസ്ത അഭിപ്രായങ്ങളാണ് ആദ്യദിവസങ്ങളിൽ ഏഷ്യാവില്ലിനോട് പറഞ്ഞത്.
ആലപ്പുഴ ജനതയുടെ അരനൂറ്റാണ്ടോളം നീളുന്ന സ്വപ്നമായിരുന്നു ബൈപാസ്. 45 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുത്തിട്ട് നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇപ്പോൾ ബൈപ്പാസ് നിർമ്മാണം പൂർത്തിയാക്കി തുറന്ന് കൊടുത്തത്. എറണാകുളത്ത് നിന്നും തിരുവനന്തപുരത്ത് നിന്നും വരുന്ന വാഹനങ്ങൾ നഗരത്തിനുളളിലൂടെ കടന്നുപോകുമ്പോഴും കുപ്പിക്കഴുത്തായ പാലങ്ങളിലൂടെ നീങ്ങുമ്പോഴും ഉണ്ടാകുന്ന ട്രാഫിക് ബ്ലോക്കിൽ മുൻപ് ഏറെ സമയമായിരുന്നു നഷ്ടമായിരുന്നത്. ആലപ്പുഴ ശവക്കോട്ടപ്പാലം മുതൽ തുടങ്ങുന്ന ട്രാഫിക് ബ്ലോക്ക് വാഹനങ്ങൾ നഗരം വിട്ട് പുറത്ത് വന്നാലും കളർകോട് യൂണിവേഴ്സിറ്റി സെന്റർ വരെ നേരത്തെ എത്തുമായിരുന്നു.
ബൈപ്പാസ് തുറന്നതോടെ ആലപ്പുഴ നഗരത്തിലെ തിരക്ക് ഒഴിവായോ, ബൈപ്പാസ് ജംക്ഷനുകളായ കളർകോട് , കൊമ്മാടി എന്നിവിടങ്ങളിലെ ട്രാഫിക് പരിഷ്കാരങ്ങൾ ആശങ്ക സൃഷ്ടിക്കുന്നുണ്ടോ? ഉദ്ഘാടനത്തിന് ശേഷം ബൈപ്പാസിലൂടെയും നഗരത്തിലൂടെയും യാത്ര ചെയ്തവർ വ്യത്യസ്ത അഭിപ്രായങ്ങളാണ് ആദ്യദിവസങ്ങളിൽ ഏഷ്യാവില്ലിനോട് പറഞ്ഞത്. അതേസമയം നേരിട്ട് നടത്തിയ യാത്രയിൽ നഗരത്തിനുളളിലെ തിരക്ക് കുറയുന്നതായാണ് മനസിലാക്കാൻ സാധിച്ചത്. ബൈപ്പാസിൽ ബീച്ച് ഭാഗത്തെ മേൽപ്പാലത്തിൽ വാഹനങ്ങൾ നിർത്തുന്നതും കൊമ്മാടിയിലെയും കളർകോട്ടെയും ട്രാഫിക് പരിഷ്കാരം പെട്ടെന്ന് മനസിലാക്കാൻ സാധിക്കാത്തതുമാണ് പോരായ്മയായി തോന്നുന്നത്.

ബീച്ച് കണ്ട് ഡ്രൈവ് ചെയ്തോളു, നിർത്തരുതേ...
എറണാകുളത്ത് നിന്ന് വരുമ്പോൾ തുമ്പോളി കഴിഞ്ഞ് കൊമ്മാടി ജംക്ഷൻ മുതൽ കളർകോട് വരെ 6.8 കിലോമീറ്ററോളം നീളുന്നതാണ് ആലപ്പുഴ ബൈപ്പാസ്. ആലപ്പുഴ ബീച്ച്, റെയിൽവെ എന്നിവ വഴി കടന്നുപോകുന്നതിനാൽ 3.2 കിലോമീറ്ററും മേൽപ്പാലമാണ്. സംസ്ഥാനത്ത് തന്നെ ബീച്ചിലൂടെയുളള ഏറ്റവും നീളമേറിയ മേൽപ്പാലം കൂടിയാണ് ആലപ്പുഴ ബൈപ്പാസ്. ഉദ്ഘാടനത്തിന് ശേഷം ബൈപ്പാസിൽ വലിയ തിരക്ക് ഉണ്ടാകുവാനുളള പ്രധാന കാരണം ബീച്ച് വഴിയുളള മേൽപ്പാലമായതിനാൽ വാഹനങ്ങൾ നിർത്തി സെൽഫി എടുക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനുമായി യാത്രക്കാർ പുറത്ത് ഇറങ്ങുന്നതാണ്.
രണ്ട് വരി മാത്രമായ മേൽപ്പാലത്തിൽ ഇത് ഗതാഗതത്തിന് തടസമുണ്ടാക്കുന്നുണ്ട്. തുടക്കത്തിലെ ഒരുമാസം കഴിഞ്ഞാൽ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് അധികൃതർ പറയുന്നത്. അതേസമയം ബീച്ചിൽ ആളെത്തുന്ന ഞായറാഴ്ചയും പ്രധാന ആഘോഷ ദിവസങ്ങളിലും മേൽപ്പാലത്തിൽ പൊലീസ് ഇല്ലെങ്കിൽ അസ്തമയം പകർത്താനും കാഴ്ച കാണാനുമായി വാഹനം ഒതുക്കുന്നവരുടെ എണ്ണം കൂടാനാണ് സാധ്യത. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി പന്ത്രണ്ട് മണിക്ക് ശേഷവും മേൽപ്പാലത്തിൽ ബീച്ച് വശത്ത് വാഹനങ്ങൾ ഒതുക്കി കടൽക്കാറ്റ് കൊളളാൻ നിന്നവരെ പൊലീസ് എത്തിയാണ് ഓടിച്ചുവിട്ടത്.

നാല് ട്രാഫിക് ബ്ലോക്കുകളിൽ നിന്നുളള മോചനം
മീൻവണ്ടിയുമായി നഗരത്തിലൂടെ എറണാകുളത്തേക്കും മറ്റ് ജില്ലകളിലേക്കും പോകുമ്പോൾ ട്രാഫിക് ബ്ലോക്കിൽ പെട്ട് നേരത്തെ ഏറെ സമയം നഷ്ടമായിരുന്നതായി വളഞ്ഞവഴി സ്വദേശിയായ ഡ്രൈവറായ സിയാദ് പറയുന്നു. പുന്നപ്ര, പറവൂർ, അമ്പലപ്പുഴ പ്രദേശങ്ങളിൽ നിന്ന് മീൻ വണ്ടിയുമായി പോകുമ്പോൾ നേരത്തെ വലിയ ചുടുകാട് നിന്നും തിരിഞ്ഞ് നഗരത്തിൽ കേറാതെ കളക്ട്രേറ്റ് വഴിയാണ് പോകുന്നതെങ്കിലും ചുരുങ്ങിയത് നാല് സ്ഥലത്തെ ബ്ലോക്കിൽ പെടുമായിരുന്നു. വലിയ ചുടുകാട്, പുലയൻവഴി മാർക്കറ്റ്, കളക്ട്രേറ്റ് ജംക്ഷൻ, ശവക്കോട്ട പാലം എന്നിവിടങ്ങളിലായിരുന്നു സമയ നഷ്ടമുണ്ടായിരുന്നത്. ഇപ്പോൾ ഈ ഒരു സ്ഥലത്തേക്കും കേറാതെ അമ്പലപ്പുഴയിൽ നിന്നും വരുമ്പോൾ തന്നെ കളർകോട് ജംക്ഷനിൽ നിന്ന് ബൈപ്പാസ് വഴി കൊമ്മാടിയിൽ എത്തി എളുപ്പത്തിൽ എറണാകുളത്തേക്ക് പോകാൻ സാധിക്കും. കളർകോട് ജംക്ഷനിലും കൊമ്മാടിയിലെ ട്രാഫിക് സിഗ്നലിലും ആദ്യം വരുന്നവർക്ക് ആശങ്കയുണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ ഇത് വൈകാതെ പരിഹരിക്കപ്പെടുമെന്നാണ് കേരളത്തിലും പുറത്തും മീനുമായി കുതിക്കുന്ന സിയാദ് വ്യക്തമാക്കുന്നത്.

ബൈപ്പാസ് ഉദ്ഘാടനം കഴിഞ്ഞ ആദ്യ ദിവസങ്ങളിൽ നഗരത്തിലെ വാഹനങ്ങളുടെ തിരക്കിൽ വലിയ കുറവ് ഉണ്ടായിട്ടില്ലെന്നാണ് ടൗണിൽ ഓട്ടോ ഡ്രൈവറായ പറവൂർ സ്വദേശി രതീഷ് വ്യക്തമാക്കിയത്. അതേസമയം എറണാകുളത്തേക്കും കൊല്ലത്തേക്കുമുളള വലിയ വാഹനങ്ങൾ റോഡിൽ കുരുങ്ങി ഗതാഗത തടസം ഉണ്ടാക്കുന്ന കാഴ്ച ഈ ദിവസങ്ങളിൽ കണ്ടിട്ടില്ലെന്നും രതീഷ് പറയുന്നു. ആലപ്പുഴ നഗരത്തിനുളളിൽ, അല്ലേൽ നഗരഹൃദയത്തിൽ ജീവിക്കുന്നവർക്ക് ബൈപ്പാസിലേക്ക് പോകേണ്ട കാര്യമില്ലാത്തതിനാൽ ടൗണിൽ പഴയപോലെ തന്നെ ആയിരിക്കുമെന്നും രതീഷ് വിലയിരുത്തുന്നു.
വണ്ടാനത്ത് നിന്നും ടൗണിലൂടെ ടൂവീലറില്‍ യാത്ര ചെയ്ത് മണ്ണഞ്ചേരി വരെ പോകുന്ന പെയിന്ററായ മുജീബ് പറയുന്നത്, ടൗണിലൂടെ എളുപ്പത്തിൽ ഇപ്പോൾ ഓടിച്ചുപോകാമെന്നാണ്. വലിയ വാഹനങ്ങളുടെയും അതിവേഗത്തിൽ പോകുന്ന കാറുകളുടെയും ശല്യം ഇപ്പോള്‍ വളരെ കുറവാണെന്നും മുജീബ് വ്യക്തമാക്കുന്നു. ബൈപ്പാസില്‍ ബീച്ച് ഭാഗത്ത് ഫോട്ടോ എടുക്കാനായി വണ്ടികള്‍ ഒതുക്കി നിര്‍ത്താന്‍ തുടങ്ങിയതോടെ വാഹനങ്ങള്‍ തമ്മില്‍ തട്ടലും മുട്ടലും പതിവാണെന്നും കഴിഞ്ഞ ദിവസം സുഹൃത്തിന്റെ ബൈക്ക് പെട്ടെന്ന് നിര്‍ത്തിയ ഒരു കാറില്‍ മുട്ടിയ കാര്യവും മുജീബ് വിശദമാക്കി.
കുപ്പിക്കഴുത്തിലെ കുരുക്ക് അഴിയുന്നു
ബൈപ്പാസ് വരുന്നതിന് മുൻപ് എറണാകുളത്ത് നിന്നും അമ്പലപ്പുഴയ്ക്കോ കൊല്ലത്തേക്കോ വാഹനത്തില്‍ പോകുന്ന ഒരാൾക്ക് കൊമ്മാടി മുതൽ വേഗത കുറഞ്ഞുവരും, നീണ്ട ട്രാഫിക് ബ്ലോക്കാകും ശവക്കോട്ട പാലത്തിൽ ഉണ്ടാകുക. കുപ്പിക്കഴുത്ത് എന്ന പോലെയായിരുന്നു ജില്ലയിലെ പല പ്രധാന പാലങ്ങളും നേരത്തെ. ഇപ്പോൾ പുതിയ പാലത്തിന്റെ പണി നടക്കുന്നതിനാൽ വശങ്ങളിലേക്കുളള റോഡുകളുടെ വീതി കുറഞ്ഞതും കൂടുതൽ ഗതാഗത തടസമുണ്ടാക്കുന്നുണ്ട്. ഇവിടെ നിന്നും കോൺവെന്റ് സ്ക്വയറോ, കണ്ണൻവർക്കി പാലമോ തിരക്കില്ലാതെ കടന്നാൽ കളക്ട്രേറ്റ് ജംക്ഷനിൽ ചിലപ്പോൾ വാഹനങ്ങളുടെ വലിയ നിരയിലാകും ചെന്ന് നിൽക്കുക. ഇവിടുന്ന് റൈറ്റ് എടുത്ത് മെഡിക്കൽ എത്തുമ്പോഴേക്കും ട്രാഫിക് സിഗ്നലിൽ വീണ്ടും സമയം പോകും. പിന്നീട് തിരുവമ്പാടിയിലോ, വലിയ ചുടുകാടോ, കളർകോട് ജംക്ഷനിലോ ട്രാഫിക് ബ്ലോക്ക് കിട്ടാനുളള സാധ്യതയും വളരെ കൂടുതലാണ്. ഇത്തരം പ്രശ്നങ്ങൾക്കാണ് ബൈപ്പാസ് വന്നതോടെ പരിഹാരം ആയിരിക്കുന്നത്.

ബൈപ്പാസിന്റെ തുടക്കത്തിലും ഒടുക്കത്തിലുമുളള ഗതാഗത പരിഷ്കാരങ്ങൾ യാത്രക്കാർ ശീലിച്ച് വരുന്നത് വരെ ചില പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് ദേശീയപാത വിഭാഗവും ട്രാഫിക് പൊലീസും വ്യക്തമാക്കുന്നത്. നിലവിൽ കളർകോട് യാത്രക്കാർക്ക് ഇത്തരം ആശയക്കുഴപ്പവും ഉണ്ടാകുന്നുണ്ട്. ആലപ്പുഴ ടൗണിൽ നിന്നുളള വാഹനങ്ങൾക്കായി ഒരു സിഗ്നലും ബൈപ്പാസിൽ നിന്നുളള വാഹനങ്ങൾക്കായി മറ്റൊരു സിഗ്നലുമാണ് സ്ഥാപിച്ചിരിക്കുന്നത്. അതേസമയം ആലപ്പുഴ ടൗണിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് പ്രധാന നോട്ടം ലഭിക്കുന്നത് ബൈപാസിലെ സിഗ്നലിലാണ്. ഇതാണ് ഒരു പ്രശ്നം. ഇടതുഭാഗത്തുളള സിഗ്നലിലാണ് ആലപ്പുഴ ടൗണിൽ നിന്ന് വരുന്ന വാഹനങ്ങൾ ശ്രദ്ധിക്കേണ്ടത്. റോഡിന്റെ മധ്യത്തിലുളള സിഗ്നലാകട്ടെ ബൈപ്പാസിലെ വാഹനങ്ങൾക്കുളളതും.
ആംബുലൻസും ആശുപത്രി യാത്രയും ഇനി കൂടുതൽ വേഗത്തിൽ
ആലപ്പുഴ മെഡിക്കൽ കോളെജിലേക്കും എറണാകുളത്തേക്കുളള വിവിധ ആശുപത്രികളിലേക്കുമുളള ആംബുലൻസുകളുടെയും മറ്റ് അത്യാവശ വാഹനങ്ങളുടെയും യാത്ര ബൈപ്പാസ് വന്നതോടെ സുഖകരമായി. അതിവേഗത്തിൽ രോഗിയുമായി എത്തുമ്പോഴും എറണാകുളത്തേക്ക് പോകുമ്പോഴും ആലപ്പുഴ ടൗൺ കടന്ന് കിട്ടാൻ ആംബുലൻസായിട്ടും പലപ്പോഴും ചെറിയ ചെറിയ തടസങ്ങളുണ്ടായിട്ടുണ്ടെന്ന് ആംബുലൻസ് ഡ്രൈവറായ റാഫി വ്യക്തമാക്കുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് രോഗികളുമായുളള പാച്ചിൽ. ബൈപ്പാസിന്റെ വലിയ ഗുണം ലഭിക്കുക രോഗികളുമായി പോകുന്ന തങ്ങൾക്കായിരിക്കുമെന്നും റാഫി പറഞ്ഞു.

ചേർത്തല അടക്കമുളള പ്രദേശങ്ങളിൽ നിന്ന് വണ്ടാനം മെഡിക്കൽ കോളെജിൽ എത്തുന്നവർക്ക് ബൈപ്പാസായിരിക്കും ഇനി എളുപ്പവഴിയും. കെഎസ്ആർടിസിക്കും സ്വകാര്യ ബസുകൾക്കും ബൈപ്പാസിൽ കയറേണ്ട ആവശ്യം നിലവിൽ ഇല്ല. ഇവയുടെ റൂട്ടുകളും ബസ് സ്റ്റാൻഡും നഗരത്തിനുളളിലാണ്. എളുപ്പത്തിൽ എറണാകുളവും കൊല്ലവും ഒക്കെ എത്തിപ്പെടേണ്ടവർക്കായി ബൈപ്പാസ് വഴി കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നഗരത്തിൽ കേറാതെ മറ്റൊരു പോയിന്റിൽ യാത്രക്കാരെ ഇറക്കുന്നതിനുളള സജ്ജീകരണങ്ങൾ നടത്തിയാൽ ഇത് സാധ്യമാകുമെന്നാണ് സ്ഥിരം യാത്രക്കാരുടെ അഭിപ്രായം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!