എന്റെ ശരീരപ്രകൃതം ഹൈദരലിയാകാൻ അനുയോജ്യമാകുമോ എന്ന ആശങ്ക ഉണ്ടായിരുന്നു; രൺജി പണിക്കർ അഭിമുഖം
ഒടിടി അത് ഇപ്പോഴും സമ്പൂര്‍ണമായി ഇവോള്‍വ് ചെയ്തിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം അതൊരു തുടക്കത്തിലാണ്, ഇനിയും അത് ഒരുപാട് വളരാനുണ്ട്. ഒരുപക്ഷേ ഇനി അത് ഒരു മെയിന്‍ സ്ട്രീം സംഭവമായി മാറിയേക്കാം. പക്ഷേ തിയറ്റേർ എക്സ്പീരിയന്‍സ് വേറെ ആണെന്ന കാര്യത്തില്‍ സംശയമില്ല.
കഥകളി സംഗീതത്തിലെ ജനകീയ കലാകാരനായിരുന്ന കലാമണ്ഡലം ഹൈദരലിയുടെ ജീവിതകഥ നീം സ്ട്രീമെന്ന ഒടിടിയിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുകയാണ്. കിരൺ ജി നാഥ് സംവിധാനം ചെയ്ത ചിത്രത്തിൽ കലാമണ്ഡലം ഹൈദരലിയായി വേഷമിട്ടത് നടൻ രൺജി പണിക്കരാണ്. ഹൈദരലിയുടെ 19 വയസ് മുതൽ 30 വരെയുളള കാലഘട്ടം അവതരിപ്പിച്ചിരിക്കുന്നതാകട്ടെ മകനായ നിഖിൽ രൺജി പണിക്കരും. ചിത്രത്തെക്കുറിച്ചും സമാന്തര സിനിമകളെക്കുറിച്ചും രൺജി പണിക്കർ ഏഷ്യാവിൽ മലയാളത്തിന് നൽകിയ അഭിമുഖം.
1. കലാമണ്ഡലം ഹൈദരലി എന്ന ചിത്രത്തിലേക്ക്, ആ കഥാപാത്രമായി എങ്ങനെയാണ് എത്തിപ്പെടുന്നത്?
സിനിമയുടെ സംവിധായകനായ കിരൺ ജി നാഥാണ് കലാമണ്ഡലം ഹൈദരലിയെക്കുറിച്ചൊരു സിനിമ ചെയ്യാനുളള താത്പര്യവുമായി എന്നെ വന്ന് കാണുന്നത്. എനിക്കാദ്യം എന്റെ ശരീരപ്രകൃതം ആ കഥാപാത്രത്തിന്റേതിന് അനുയോജ്യമാകുമോ എന്നൊരു ആശങ്ക ഉണ്ടായിരുന്നു. അത് സംസാരിച്ചപ്പോൾ അങ്ങനെ നോക്കേണ്ടതില്ല എന്ന് കിരൺ തന്നെയാണ് പറയുന്നത്. ഹൈദരലിയോട് ശരീരം കൊണ്ടുളള സാദൃശ്യമല്ല ഉദ്ദേശിക്കുന്നതെന്നും ഒരു കഥാപാത്രമായി മാത്രമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ചിത്രത്തിലേക്ക് എത്തുന്നത്.

2. നമ്മുടെ സമീപ ചരിത്രത്തിൽ ഏറെ വെല്ലുവിളികളും എതിർപ്പും നേരിട്ടയാളാണ് ഹൈദരാലി. പ്രത്യേകിച്ച് മുസ്ലിം സമുദായത്തിൽ നിന്നൊരാൾ അമ്പലങ്ങളിൽ കഥകളി സംഗീതവുമായി കയറിയിറങ്ങുക, യാഥാസ്ഥിതിക സമൂഹത്തിന് വലിയ എതിർപ്പുമായിരുന്നു അക്കാര്യത്തിൽ. ഹൈദരലിയെ എങ്ങനെയാണ് നോക്കികാണുന്നത്?
നമ്മുടെ സമകാലീന ചരിത്രത്തില്‍ മതത്തിന്റെ പേരില്‍ അല്ലെങ്കില്‍ താന്‍ ജനിച്ച വിശ്വാസത്തിന്റെയോ, ചുറ്റുപാടുകളുടെയോ പേരിൽ ഏറ്റവും കൂടുതല്‍ അയിത്തം അനുഭവിച്ച കലാകാരന്മാരില് ഒരാള്‍ കലാമണ്ഡലം ഹൈദരലിയാണ്. ഭാഗ്യവശാലോ, നിര്‍ഭാഗ്യവശാലോ അദ്ദേഹം കഥകളി പോലൊരു ക്ഷേത്രകലയിലാണ് തന്റെ സംഗീതം വിനിയോഗിക്കാന്‍ തീരുമാനിച്ചത്. പഠിച്ചതാകട്ടെ കലാമണ്ഡലത്തിലും. അപ്പോള്‍ ആ കാലം മുതല്‍ അദ്ദേഹത്തിന് മതത്തിന്റെ പേരില്‍ ഒരുപാട് വേര്‍തിരിവുകളും അവഹേളനങ്ങളും ഒറ്റപ്പെടലുകളും ഒക്കെ അനുഭവിക്കേണ്ടി വന്നു. താൻ പരിശീലിച്ച കലയ്ക്ക് വേണ്ടി നിരവധി യാതനകൾ അനുഭവിക്കേണ്ടി വന്നിട്ടുളള മനുഷ്യൻ എന്നത് തന്നെയാണ് ഹൈദരലിയുടെ ജീവിതകഥയുടെ വല്ലാത്തൊരു പ്രസക്തിയും. കലയെ നമ്മള് മറ്റൊന്നുകൊണ്ടും നോക്കരുത് എന്നുളള നമ്മുടെ കാലത്തുനിന്നുളള ഒരു വലിയ മുന്നറിയിപ്പ് തന്നെയാണ് ഹൈദരലിയുടെ ജീവിതം. ഒരുപക്ഷേ താന്‍ തിരഞ്ഞെടുത്ത, ഉപാസിച്ച, കലയുടെ പേരില്‍ ഇത്രയധികം കണ്ണീര് കുടിച്ച പ്രതിഭാശാലിയായ ഒരു കലാകാരൻ നമ്മുടെ കാലത്ത് ജീവിച്ചിട്ടുണ്ടെങ്കിൽ അത് ഹൈദരലിയാണ്.

3. ചിത്രത്തിൽ ഹൈദരലിയുടെ യൗവ്വനകാലം അവതരിപ്പിച്ചിരിക്കുന്നത് മകനായ നിഖിലാണ്. അണിയറ പ്രവർത്തകർ തന്നെയാണോ നിഖിലിനെ അച്ഛൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ യൗവ്വനം അവതരിപ്പിക്കാൻ തിരഞ്ഞെടുത്തത്?
അതെ, അണിയറ പ്രവർത്തകർ തന്നെയാണ്. ഇവിടെ കിരൺ വന്ന് എന്നോട് കഥയൊക്കെ പറഞ്ഞു. അതിന് ശേഷമാണ് എന്റെ ചെറുപ്പകാലം അവതരിപ്പിക്കാൻ മകൻ തയ്യാറാകുമോ എന്ന് ചോദിച്ചത്. അതിന് മുമ്പ് ജയരാജിന്റെ രൗദ്രത്തില്‍ എന്റെ ചെറുപ്പകാലം നിഖിൽ അഭിനയിച്ചിരുന്നു. അതുകൊണ്ട് കൂടിയാകും സംവിധായകന് അങ്ങനെ ചോദിച്ചത്. അയാള്‍ അതിനുവേണ്ടി കുറെ തയ്യാറെടുപ്പുകളൊക്കെ നടത്തിയാണ് അഭിനയിച്ചത്.
4. രണ്ട് ചിത്രങ്ങളിൽ അച്ഛനും മകനും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തെ സംബന്ധിച്ച് എന്തെങ്കിലും നിർദേശങ്ങൾ മകന് നൽകാറുണ്ടോ?
അങ്ങനെ നിർദേശമായി ഒന്നും നൽകാറില്ല. അഭിനയവുമായിട്ടുളള എന്റെ ബന്ധവും മുൻപരിചയത്തിന്റെയും അടിസ്ഥാനത്തിൽ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ടാകും. അത്രയുമേ ഉളളൂ. അല്ലാതെ കർശനമായ ഒരു വിദ്യാഭ്യാസമൊന്നും നൽകിയിട്ടില്ല, ഉണ്ടായിട്ടുമില്ല.

5. ഒരു വശത്ത് ധാരാളം കൊമേഴ്സ്യല്‍ സിനിമകള്‍, മറുവശത്ത് ജയരാജിന്റെ നവരസ സീരിസിലെ രൗദ്രവും ഭയാനകവും പിന്നെ ഹൈദരലി അടക്കമുളള സമാന്തരമെന്ന് വിളിക്കപ്പെടുന്ന സിനിമകളും. മറ്റ് സിനിമകളെ അപേക്ഷിച്ച് ഇത്തരം സമാന്തര സിനിമകൾ എന്ന് വിളിക്കപ്പെടുന്നവയിൽ അഭിനയിക്കാനായി എന്തെങ്കിലും മുന്നൊരുക്കങ്ങൾ നടത്താറുണ്ടോ?
ആ ഗണത്തിൽ ടി.കെ രാജീവ്കുമാറിന്റെ കോളാമ്പി എന്നൊരു ചിത്രം കൂടി ഞാൻ അഭിനയിച്ചതുണ്ട്. കഥാപാത്രങ്ങൾക്കായി അത്തരം മുന്നൊരുക്കങ്ങൾ ഒന്നും ഇല്ല. മുന്‍കൂട്ടി തയ്യാറാക്കി ഒരു അഭിനയവുമായി പോകുക എന്നു പറയുന്നത് പ്രായോഗികമായി ബുദ്ധിമുട്ടുളള കാര്യമാണ്. ഭയാനകത്തിന്റെ കാര്യത്തില്‍ ആകെ ഉണ്ടായിരുന്ന മുന്നൊരുക്കം എന്ന് പറയുന്നത് ആ വേഷവും ആ ക്രച്ചസ് ഉപയോഗിച്ച് നടക്കുക എന്നുമുളളതാണ്. അതിന്റെ അളവുകള്‍ സെറ്റ് ചെയ്യുന്നതിന്റെ ഭാഗമായിട്ട് ആ ക്രച്ചസ് ഉപയോഗിച്ച് നടന്നുകാണിക്കേണ്ടി വന്നു, പിന്നെ മേക്കപ്പ് നോക്കി.

ഒരു അപ്പിയറന്‍സിന് വേണ്ടിയിട്ട് ഞങ്ങളൊന്ന് ഇരുന്നു. പല തരത്തിലുളള അപ്പിയറന്‍സ്, ഭയാനകത്തിന് വേണ്ടി പരീക്ഷിച്ചിരുന്നു. രൗദ്രത്തിന് സത്യത്തില്‍ അപ്പിയറന്‍സ് അവിടെ ലൊക്കേഷനില്‍ ചെന്നിട്ടാണ് നോക്കിയത്. ഏകദേശം ഒരു നാലുമണി വരെ, അവിടെ ഇരുന്ന് പല പല മേക്കോവറുകള്‍ നോക്കിയിട്ടാണ് ഒന്നില്‍ എത്തിച്ചേര്‍ന്നത്. മറ്റ് മുന്നൊരുക്കങ്ങള്‍ ഒന്നും ഇല്ലായിരുന്നു. ലൊക്കേഷനിൽ ആ അന്തരീക്ഷത്തില്‍ നമ്മള് ചെല്ലുകയും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുകയും ചെയ്യുമ്പോഴാണ് ആ കഥാപാത്രമാകുക. അതിന് മുമ്പുളള മുന്നൊരുക്കങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം ഇല്ല.
6. കൊവിഡ്, ലോക്ഡൗൺ കാലമാണ്, സിനിമകളൊക്കെ ഒടിടി റിലീസിലേക്ക് കൂടുതലായി വരികയാണ്. ഒടിടി പ്ലാറ്റ് ഫോമിന് മാത്രമായി വരെ സിനിമകൾ ഉണ്ടാകുകയും ചെയ്യുന്നു. ഒടിടിയെ എങ്ങനെയാണ് നോക്കി കാണുന്നത്?
ഒടിടി അത് ഇപ്പോഴും സമ്പൂര്‍ണമായി ഇവോള്‍വ് ചെയ്തിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം അതൊരു തുടക്കത്തിലാണ്, ഇനിയും അത് ഒരുപാട് വളരാനുണ്ട്. ഒരുപക്ഷേ ഇനി അത് ഒരു മെയിന്‍ സ്ട്രീം സംഭവമായി മാറിയേക്കാം. പക്ഷേ തിയറ്റേർ എക്സ്പീരിയന്‍സ് വേറെ ആണെന്ന കാര്യത്തില്‍ സംശയമില്ല. കാരണം തിയറ്റേറിലാണ് നിരവധി ആളുകളുമായി നമ്മള് വേറൊരു ലോകത്തിരുന്ന് സിനിമ ആസ്വദിക്കുന്നത്. ഹോം തിയറ്റേറിലൊക്കെ ഇരുന്ന് കാണുന്നവർക്ക് ശബ്ദവും സ്ക്രീനുമൊക്കെയായി ബന്ധപ്പെട്ട് അതിന്റെ തിയറ്റേറിക്കൽ എക്സ്പീരിയൻസ് വേറൊരു തരത്തിൽ കിട്ടുമായിരിക്കും. എങ്കിലും തിയറ്റേർ എക്സ്പീരിയൻസ് എന്നുവെച്ചാല്‍ വേറെയാണ്. അതിന് പകരമാകാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒടിടിക്ക് കഴിയില്ല. പിന്നെ ഒടിടി ഇപ്പോഴും ലിമിറ്റഡാണ്. കാരണം എന്താണെന്നാൽ 100 സിനിമകള്‍ ഉണ്ടാകുന്ന ഒരു ഭാഷയില്‍ എല്ലാ ഒടിടികളിലും കൂടി റിലീസ് ചെയ്യുന്ന സിനിമകളുടെ എണ്ണം നോക്കിയാല്‍ മതി. മതിയായ സ്പേസ് അത് ആയിട്ടില്ല ഇപ്പോഴും. ആകുമായിരിക്കാം. കൊവിഡ് സാഹചര്യം കൊണ്ട് മാത്രം ഉണ്ടായതാണ് ഇപ്പോഴത്തെ ഈ അവസ്ഥ എന്നാണ് ഞാൻ കരുതുന്നത്.

രൺജി പണിക്കർക്കും നിഖിലിനും പുറമെ അശോകൻ, ടി.ജി രവി, ജയപ്രകാശ് കുളൂർ, റെയ്ഹാൻ ഹൈദരലി, കുടമാളൂർ മുരളി കൃഷ്ണൻ, പുണിയൂർക്കോണം ജയൻ, രഞ്ജൻ, മീര നായർ, പാരിസ് ലക്ഷ്മി, വാണി എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. അജു നാരായണനാണ് സിനിമയുടെ രചന, ഛായാഗ്രഹണം എം.ജെ രാധാകൃഷ്ണൻ, നിർമ്മാണം വിനീഷ് മോഹൻ, ബാനർ വേധാസ് ക്രിയേഷൻസ്, എഡിറ്റർ മിഥുൻ, സംഗീതം അനിൽ ഗോപാൽ, ആലാപനം കോട്ടയ്ക്കൽ മധു, നൃത്തസംവിധാനം കലാമണ്ഡലം വിമല, കലാമണ്ഡലം ഗണേശൻ, സ്റ്റിൽസ് കണ്ണൻ സൂരജ്. ജൂൺ 18 മുതലാണ് നീം സ്ട്രീമിൽ ചിത്രത്തിന്റെ പ്രദർശനം ആരംഭിക്കുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!