സ്കൂളിൽ പോയിട്ടില്ല, സർട്ടിഫിക്കെറ്റിനോ, ജോലിക്ക് വേണ്ടിയോ ഇതുവരെ പഠിച്ചിട്ടുമില്ല; നടൻ മിനോൺ ജീവിതം പറയുന്നു
എന്റെയൊരു കോണ്‍ഫിഡന്‍സ്, എനിക്ക് ഇപ്പോൾ ഫ്രഞ്ച് അറിയില്ല. ആ ഞാന്‍ ഫ്രാന്‍സില്‍ പോയി വീണാലും എങ്ങനെയെങ്കിലും ഒക്കെ ജീവിക്കും എന്നൊരു ചിന്തയും വിശ്വാസവും എനിക്കുണ്ട്. അങ്ങനത്തെ ഒരു ആറ്റിറ്റ്യൂഡിലേക്കാണ് നമ്മളെ നമ്മുടെ സിസ്റ്റം വളര്‍ത്തിയെടുക്കേണ്ടത്.
ഞാൻ സ്കൂളിൽ പോയിട്ടില്ല, സർട്ടിഫിക്കെറ്റിന് വേണ്ടിയോ, ജോലിക്ക് വേണ്ടിയോ ഇതുവരെ പഠിച്ചിട്ടുമില്ല. ജീവിക്കാൻ വേണ്ടിയായിരുന്നു ഇതുവരെ പഠിച്ചതൊക്കെയും. പത്ത് വയസ് വരെ സ്കൂളിൽ വിടേണ്ട എന്നത് അച്ഛന്റെയും അമ്മയുടെയും തീരുമാനമായിരുന്നു. അതുവരെ ഞാൻ കുറെ യാത്ര ചെയ്യട്ടെ, ലോകം കാണട്ടെ എന്ന ചിന്തയായിരുന്നു അവർക്ക്.
ബാലതാരമായി എത്തി നിരവധി സിനിമകളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച മിനോൺ ജോണിന്റെ വാക്കുകളാണ്. നിലവിലുളള വിദ്യാഭ്യാസ രീതികളിലൂടെയൊന്നും കടന്നുപോകാതെ, എന്നാൽ തനിക്ക് ജീവിക്കാൻ വേണ്ട കഴിവുകളും പാടവവും എങ്ങനെയൊക്കെ ജീവിതത്തില്‍ നിന്ന് നേടിയെന്നാണ് ചിത്രകാരൻ കൂടിയായ മിനോൺ ഏഷ്യാവിൽ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നത്. മിനോണ്‍ അഭിമുഖത്തില്‍ പറഞ്ഞ പ്രസക്തമായ കാര്യങ്ങള്‍ വായിക്കാം, വീഡിയോ കാണാം.
മിനോണിന്റെ വാക്കുകൾ
എന്റെ പ്രായത്തിലുളള നോര്‍മ്മല്‍ മലയാളി പയ്യന് അറിയാവുന്ന പല കാര്യങ്ങളും എനിക്ക് അറിയില്ല. എനിക്ക് വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ അറിയുകയുളളൂ. ഞാന്‍ സ്കൂളില്‍ പോകുന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് ഫ്ളോപ്പാകാന്‍ പറ്റില്ല. മുഴുവന്‍ ഉത്തരവാദിത്വവും നമ്മുടെ തലയില്‍ തന്നെയാണ്. ഫ്ളോപ്പായാല്‍ ആ ഉത്തരവാദിത്വം എവിടെ കൊണ്ടും ചാരാന്‍ പറ്റില്ല.
ഞാന്‍ ഒരു കാര്യവും സര്ട്ടിഫിക്കെറ്റിന് വേണ്ടി പഠിച്ചിട്ടില്ല. അല്ലെങ്കില്‍ ജോലിക്ക് വേണ്ടി പഠിച്ചിട്ടൊന്നും ഇല്ല. അങ്ങനെയൊന്നും ഞാന്‍ പഠിച്ചിട്ടില്ല. ഒരു തരത്തില്‍ പറഞ്ഞാല്‍ സര്ട്ടിഫിക്കെറ്റിന് വേണ്ടി പഠിക്കുന്നതും ജോലിക്ക് വേണ്ടി പഠിക്കുന്നതുമെല്ലാം ജീവിക്കാന്‍ വേണ്ടി തന്നെയാണ്. അപ്പോ സര്‍ട്ടിഫിക്കെറ്റ് ഇല്ലെങ്കില്‍, ജോലിയില്ലെങ്കില്‍ എങ്ങനെ ജീവിക്കുമെന്ന ചോദ്യത്തില്‍ തന്നെയാണ് എല്ലാവരും എത്തുന്നത്. അതിനായിട്ടാണ് എല്ലാവരും പഠിക്കുന്നത്. പക്ഷേ ഞാന്‍ ആ കാര്യത്തില്‍ കുറെക്കൂടി സത്യസന്ധനാണ്. ഞാന്‍ ഡയറക്ട് ജീവിക്കാന്‍ വേണ്ടി എന്തൊക്കെയാണോ പഠിക്കേണ്ടി വരിക, അതൊക്കെയാണ് ഞാന്‍ പഠിച്ചത്, പഠിക്കുന്നത്.
എത്ര പ്രഷര്‍ ഇല്ലാതെ ജീവിക്കണമെന്ന് കരുതിയാലും ഈ പറയുന്ന പ്രഷറൊക്കെ നമ്മളിലേക്ക് വരും. നമ്മുടെ സൊസൈറ്റി അങ്ങനെയാണ് നമ്മളെ ട്രീറ്റ് ചെയ്യുന്നത്. ഇപ്പോ ഒരു കുട്ടി ജനിക്കുമ്പോള്‍ മുതല്‍ അവനെ നമ്മള് എന്തൊക്കെയാണ് പറഞ്ഞ് പഠിപ്പിക്കുന്നത്?

നമ്മള് പേടിപ്പിച്ചാണ് കുട്ടികളെ പഠിപ്പിക്കുന്നത്. നമ്മളെ പേടിപ്പിച്ച്, പേടിപ്പിച്ച് വലിയൊരു അരക്ഷിതാവസ്ഥ നമ്മളുടെ ഉളളില്‍ വളരെ കുഞ്ഞിലേ ഉണ്ടാക്കി വെക്കുന്നുണ്ട്. എന്റെയൊരു കോണ്‍ഫിഡന്‍സ്, എനിക്ക് ഇപ്പോൾ ഫ്രഞ്ച് അറിയില്ല. ആ ഞാന്‍ ഫ്രാന്‍സില്‍ പോയി വീണാലും എങ്ങനെയെങ്കിലും ഒക്കെ ജീവിക്കും എന്നൊരു ചിന്തയും വിശ്വാസവും എനിക്കുണ്ട്. അങ്ങനത്തെ ഒരു ആറ്റിറ്റ്യൂഡിലേക്കാണ് നമ്മളെ നമ്മുടെ സിസ്റ്റം വളര്‍ത്തിയെടുക്കേണ്ടത്. നമ്മുക്ക് ഈ പറയുന്ന പോലെ, ഏറ്റവും സേഫായിട്ട് ജീവിക്കാനാണ് നമ്മളെ പഠിപ്പിക്കുന്നത്. എന്റെ അഭിപ്രായത്തില്‍ ഇത് നമ്മുടെ ലോകമാണ്, നമ്മുടെ സ്ഥലമാണ്, നമുക്ക് എല്ലാവര്ക്കും ജീവിക്കാന്‍ പറ്റും. ഒന്നും പഠിച്ചില്ലേലും എനിക്ക് ജീവിക്കാന്‍ പറ്റുമെന്ന കോണ്ഫിഡന്സിലേക്കാണ് നമ്മള് ഒരാളെ വളര്‍ത്തി എടുക്കേണ്ടത്. എല്ലാവരും ഒരുപോലെ അല്ലല്ലോ, പിന്നെ എന്തിനാണ് എല്ലാവരെയും നമ്മള് ഒരുപോലെ ട്രീറ്റ് ചെയ്യുന്നത്?
സ്കൂള്‍ ലൈഫ് പലപ്പോഴും മിസ് ചെയ്തതായി തോന്നിയിട്ടുണ്ട്. എനിക്കതില്‍ വലിയ സങ്കടം തോന്നാത്തതിന്റെ കാരണം എന്ന് പറയുന്നത്, എനിക്ക് ഒത്തിരി കൂട്ടുകാരുണ്ട്, എനിക്ക് അഞ്ച് വയസുളള സമയത്തും എനിക്ക് ഇപ്പോള്‍ 21 വയസുളള സമയത്തും ഏത് പ്രായത്തിലും എന്റെ സമപ്രായത്തിലുളള കൂട്ടുകാര്‍ ഒരിക്കലും നീ സ്കൂളില്‍ വാ, സ്കൂള്‍ അടിപൊളിയാണെന്ന് പറഞ്ഞിട്ടില്ല. ഞാന്‍ കുഞ്ഞായിരിക്കുന്ന സമയത്ത് ഒരു കൂട്ടുകാരനെ പരിചയപ്പെടുവാണെന്ന് വെക്കൂ, ഞാന്‍ സ്കൂളിലൊന്നും പോയിട്ടില്ല എന്ന് പറയുന്നേരം എടാ, ഭാഗ്യവാനേ എന്നാണ് അവന് പറയുന്നത്, ഇങ്ങനെയൊരു റിയാക്ഷന് മാത്രമാണ് സമപ്രായക്കാരില്‍ നിന്നും എനിക്ക് കിട്ടിയിട്ടുളളത്. നിങ്ങള്‍ ചെയ്യുന്നത് വലിയ മിസ്റ്റേക്കാണ്, പിന്നീട് ദുഃഖിക്കേണ്ടി വരും എന്ന് എന്നോട് പറഞ്ഞിരിക്കുന്നത് ഒരുപാട് മുതിര്‍ന്ന ആള്‍ക്കാരാണ്. ഈ മുതിര്‍ന്ന പ്രായം എത്തുന്നത് വരെ നമ്മള് ജീവിച്ചിരിക്കണമെന്ന് യാതൊരു നിര്‍ബന്ധവും ഇല്ല. പിന്നീട് ദുഃഖിക്കേണ്ടി വരും എന്നുപറഞ്ഞ് ഞാനൊന്നും ചെയ്യാറില്ല.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!