വിവാഹം കഴിഞ്ഞ് മൂന്ന് മാസം, ആലപ്പുഴയിൽ പത്തൊൻപതുകാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
ഭർത്താവിന്റെ അമ്മയാണ് സുചിത്രയെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ ആദ്യം കാണുന്നത്.
ആലപ്പുഴ വളളികുന്നത്ത് വിവാഹം കഴിഞ്ഞ് മൂന്ന് മാസം പിന്നിടവെ പത്തൊൻപത് വയസുളള പെൺകുട്ടി ആത്മഹത്യ ചെയ്ത നിലയിൽ. ഓച്ചിറ വലിയകുളങ്ങര സ്വദേശി സുചിത്രയെയാണ് (19) ഭർത്താവിന്റെ വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2021 മാർച്ച് 21നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഭർത്താവ് വിഷ്ണു സൈനികനാണ്. വിവാഹത്തിന് ശേഷം ജോലി സ്ഥലമായ ഉത്തരാഖണ്ഡിലേക്ക് വിഷ്ണു മടങ്ങിയിരുന്നു.
ഇന്ന് രാവിലെ 11.30 ഓടെ സുചിത്രയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് വിവരം. ഭർത്താവിന്റെ അമ്മയാണ് സുചിത്രയെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ ആദ്യം കാണുന്നത്. തുടർന്ന് സമീപവാസികളെ വിളിച്ച്കൂട്ടി അടുത്തുളള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവ സമയത്ത് സുചിത്രയുടെ ഭർത്താവിന്റെ അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വളളികുന്നം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭർത്താവ് വിഷ്ണു വിവാഹത്തിന്റെ ലീവ് കഴിഞ്ഞ് അടുത്ത ദിവസങ്ങളിലാണ് തിരികെ ഡ്യൂട്ടിക്ക് പോയത്. മരണത്തിന് പിന്നിൽ മറ്റ് എന്തെങ്കിലും കാരണങ്ങളുണ്ടോ എന്നതിനെക്കുറിച്ച് വിശദമായി അന്വേഷിച്ച ശേഷമേ പറയാൻ കഴിയൂ എന്നാണ് പൊലീസ് അറിയിച്ചത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!